‘വീട്ടുമുറ്റത്തെ’ കലോത്സവത്തില്‍ ‘വീട്ടുകാരായി’ കുടിവെള്ളം കൊടുത്ത് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍; ചുക്കുകാപ്പിയും വെള്ളവുമായി പൊലീസുകാരും സജീവം


പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തൊട്ടടുത്താണ് പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍. സ്റ്റേഷന് തൊട്ടരികിലായി ഏറെ പ്രാധാന്യമുള്ള ഒരു കലാമാമാങ്കം അരങ്ങേറുമ്പോള്‍ തങ്ങളെ ബാധിക്കില്ലെന്ന തരത്തില്‍ മാറിനില്‍ക്കുകയല്ല, മറിച്ച് സ്വന്തം വീട്ടിലെ പരിപാടിയിലെന്ന പോലെ ഫയര്‍ഫോഴ്സും കലോത്സവത്തിന് പിന്തുണ നല്‍കുകയാണ്.

പരിപാടി കാണാനെത്തുന്നവര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ശുദ്ധമായ കുടിവെള്ളവുമായി പ്രധാനവേദിയുടെ പ്രവേശന കവാടത്തിനരികെ ഫയര്‍ഫോഴ്സ് ജീവനക്കാരുണ്ട്. ഒട്ടും പച്ചവെള്ളം ചേര്‍ക്കാതെ തിളപ്പിച്ച് ആറിയ ചുക്ക് വെള്ളമാണ് ഇവിടെ വിതരണം ചെയ്യുന്നതെന്ന് ജീവനക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വെള്ളം തയ്യാറാക്കാന്‍ ആവശ്യമായ ചുക്ക് സിദ്ധാശ്രമത്തില്‍ നിന്നും വാങ്ങിക്കുകയായിരുന്നു. മേള കഴിയുംവരെ കുടിവെള്ള വിതരണം തുടരുമെന്നും ജീവനക്കാര്‍ അറിയിച്ചു. കനത്ത ചൂടിലും വെയിലും സഹിച്ച് കലോത്സവ പരിപാടികള്‍ കാണാനെത്തുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് ഈ കുടിവെള്ളം.

പൊലീസ് അസോസിയേഷനും കലോത്സവത്തിനെത്തുന്നവര്‍ക്ക് സഹായവുമായി രംഗത്തുണ്ട്. ചുക്കുകാപ്പിയും കുടിവെള്ളവും സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് പൊലീസ് അസോസിയേഷന്‍ മേളയ്‌ക്കൊപ്പം നിലകൊണ്ടത്. പ്രധാന വേദിയ്ക്ക് തൊട്ടരികിലായാണ് പൊലീസ് അസോസിയേഷന്റെ പാനീയ വിതരണം.