കൊയിലാണ്ടി ദേശീയപാതയില്‍ വെള്ളക്കെട്ടും കുഴിയും; വാഴ നട്ട് പ്രതിഷേധവുമായി ബി.ജെ.പി
കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി ടൗണിന് തെക്ക് ഭാഗത്ത് വെള്ളക്കെട്ടും കുഴിയും രൂപപ്പെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ പ്രതിഷേധവുമായി ബി.ജെ.പി. ദേശീയപാതയിലെ കുഴിയില്‍ വാഴനട്ടുകൊണ്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍.ജയ്കിഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
മീത്തലെ കണ്ടി പള്ളിക്ക് സമീപത്താണ് വലിയ കുഴി രൂപപ്പെട്ടത്. ഇവിടെ ധാരാളം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവവുമാണ്. അപകടത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേട് പറ്റുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
പ്രദേശത്ത് അഴുക്ക് ചാല്‍ നിര്‍മിക്കാന്‍ കൊയിലാണ്ടി മുന്‍സിപ്പാലിറ്റി തയ്യാറാവാത്തതാണ് വെള്ളകെട്ട് രൂപപ്പെടാനും റോഡില്‍ കുഴികള്‍ ഉണ്ടാവാനും കാരണമെന്ന് ജയ്കിഷ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോപിച്ചു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് കുഴിയില്‍ വീണ് രണ്ട് യാത്രക്കാര്‍ മരണപെട്ടിരുന്നു. വിഷയം ഗൗരവമായി എടത്തു ഇടപെടാനോ കുഴികള്‍ അടക്കാനോ മുന്‍സിപ്പാലിറ്റി അധികാരികള്‍ തയ്യാറാവാത്തത് തികഞ്ഞ അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.വി.സുരേഷ്, അഡ്വ.എ.വി.നിധിന്‍ എന്നിവര്‍ സംസാരിച്ചു. ഒ.മാധവന്‍, പ്രീജിത്ത്.ടി.പി, കെ.പി.എല്‍.മനോജ്, പയറ്റുവളപ്പില്‍ സന്തോഷ്, വിനോദ് കൊരയങ്ങാട്, മാധവന്‍ ബോധി എന്നിവര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി.