ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്; ഏറെ അപകടകരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തി; ഡിവൈസ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം


ദോഹ: ‘ആപ്പിള്‍’ ഉപയോക്താക്കള്‍ക്ക് ‘വളരെ അപകടകരമായ’ സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഖത്തറിലെ നാഷനല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്. ഉടന്‍ അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം.

കമ്പനി ഓപറേറ്റിങ് സിസ്റ്റത്തില്‍ അപകടകരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയ സാഹചര്യത്തിലാണ് സൈബര്‍ സെക്യൂരിറ്റി ഏജന്‍സി ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഐഫോണിന്റെ iOS 16.3.0, ഐപാഡ് ടാബ്ലെറ്റിന്റെ iPadOS 16.3.0, മാക്ബുക് ലാപ്ടോപ്പിന്റെ MacOS Ventura 13.2.0 എന്നിവയുടെ ഓപറേറ്റിങ് സിസ്റ്റം പതിപ്പുകളിലാണ് അപകടകരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.

ഹാക്കര്‍മാര്‍ സെക്യൂരിറ്റി ഹോള്‍സ് വ്യാപകമായും സജീവമായും ചൂഷണം ചെയ്യുമെന്ന് ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി നാഷനല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സമൂഹ മാധ്യമങ്ങളില്‍ അറിയിച്ചു. ഇത് വ്യക്തിയുടെ ഉപകരണങ്ങള്‍ ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാവുന്നതിലേക്ക് നയിച്ചേക്കാം. ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവ എത്രയും വേഗം അപ്ഡേറ്റ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അപകട സാധ്യതകള്‍ ഇല്ലാതാക്കാന്‍ ഡിസൈവസ് എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് എന്‍.എസ്.സി.എ നിര്‍ദേശം. അപ്‌ഡേറ്റ് ചെയ്യാതിരുന്നാല്‍ വ്യക്തികള്‍ക്കും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും പ്രശ്‌നമുണ്ടായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.