എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളുവെന്ന് കൽപ്പറ്റ നാരായണൻ; യുഡിഎഫ് ഭരണകാലത്ത് താനിത് ചെയ്തിരുന്നോവെന്ന് എൻ.എസ്.മാധവൻ, കൽപ്പറ്റ നാരായണൻ കാപട്യക്കാരനും നുണയനുമാവുകയാണെന്ന് വിമർശനം
കോഴിക്കോട്: കല്പറ്റ നാരായണനെതിരെ ശക്തമായ മറുപടിയുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടിനെതിരെയാണ് ശക്തമായ പ്രതിശേഷമുയർന്നത്. ഉപതിരഞ്ഞെടുപ്പിൽ എന്‍.എസ് മാധവന്റെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും നിലപാട് ശരിയായില്ല എന്ന കല്‍പ്പറ്റയുടെ പ്രസ്താവനക്കെതിരെയാണ് എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്.
കോഴിക്കോട് കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തില്‍ കല്പറ്റ നാരായണൻ പറഞ്ഞ വാക്കുകൾക്ക് ട്വിറ്ററിലൂടെയാണ് എൻ. എസ്. മാധവൻ മറുപടി നൽകിയത്. നുണയൻ എന്നാണ് കല്പറ്റ നാരായണനെ ട്വീറ്റിൽ സംബോധന ചെയ്തിരിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂവെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞിരുന്നു. ഇതിനിതിരെയായിരുന്നു എൻ.എസ്. മാധവൻ മറുപടി നൽകിയത്.
.’ഇത് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതാണ്. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച തന്റെ ഏക രാഷ്ട്രീയ നിലപാട് ഇതോടൊപ്പമുള്ള ട്വീറ്റില്‍ പറഞ്ഞതാണ്. എക്കാലവും പ്രതിപക്ഷത്തെ പിന്തുണക്കുക എന്ന സിദ്ധാന്തത്തിലൂടെ കല്‍പ്പറ്റ നാരായണന്‍ ഒരു കാപട്യക്കാരന്‍ കൂടിയാവുന്നു. ഒരു കണ്ണാടിക്ക് മുന്നില്‍നിന്ന് അദ്ദേഹം സ്വയം ചോദിക്കേണ്ടതുണ്ട്; യുഡിഎഫ് ഭരണകാലത്ത് ഞാനിത് ചെയ്‌തോ?’- എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
മൃഗീയമായ ഏകാധിപത്യം തടയാന്‍ പ്രതിപക്ഷം ശക്തിപ്പെടണമെന്നാണ് അപ്പോള്‍ ആഗ്രഹിക്കേണ്ടത്. ഈ അര്‍ഥത്തില്‍ എന്‍.എസ് മാധവനും ചുള്ളിക്കാടും ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ സ്വീകരിച്ച നയം അന്യായമാണെന്ന് പറയേണ്ടിവരും. പ്രതിപക്ഷത്തെ പിന്തുണക്കാന്‍ പറ്റിയില്ലെങ്കില്‍ മാറിനില്‍ക്കുകയോ, നിശബ്ദരാവുകയോ ചെയ്യണമായിരുന്നു എന്നായിരുന്നു കല്‍പറ്റ പ്രസംഗിച്ചത്.