റോഡരികിൽ പതിയിരുന്ന് ഹെൽമറ്റിടാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും സാധാരണക്കാരെ പിഴിയുന്ന, എ.ഐ ക്യാമറ വെച്ച് നിയമം കടുപ്പിക്കുന്ന മോട്ടോർ വാഹന വകുപ്പും പോലീസും ഇതൊന്നും കാണുന്നില്ലെ; കൊയിലാണ്ടിയിൽ വഗാഡ് ലോറികളുടെ മരണപ്പാച്ചിൽ തുടരുന്നു, ആരോട് പറയാൻ
കൊയിലാണ്ടി: നമ്പര്‍ പ്ലേറ്റില്ലാതെ, ഡോര്‍ അടയ്ക്കാതെ പിറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കുന്നവിധത്തില്‍ കൊയിലാണ്ടിയിലൂടെ ഒന്ന് വാഹനമോടിച്ച് പോകുന്നത് ഓര്‍ത്തുനോക്കിക്കേ. നിരത്തുതോറും സ്ഥാപിച്ച ക്യാമറയിലോ അല്ലെങ്കില്‍ മുക്കിലും മൂലയിലും പതിയിരുന്ന് നിയമലംഘകരെ പിടികൂടുന്ന എം.വി.ഡിയോ പൊലീസോ പിടിച്ച് എത്ര പിഴയിട്ടുവെന്ന് ചോദിച്ചാല്‍. പക്ഷേ ഇതെല്ലാം സാധാരണക്കാരുടെ കാര്യത്തിലാണെങ്കില്‍ മാത്രം.
വന്‍കിട കമ്പനികള്‍ക്കും കുത്തകകള്‍ക്കും എന്തുമാകാം എന്നതുപോലെയാണ് കൊയിലാണ്ടിയിലെക്കാര്യം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വാഗാഡ് കമ്പനിയുടെ ടോറസുകളും മറ്റ് വാഹനങ്ങളുടെയും പോക്ക്. മിക്ക ടോറസുകള്‍ക്കും മുമ്പില്‍ മാത്രമേ നമ്പര്‍ പ്ലേറ്റ് കാണൂ. പിറകില്‍ നമ്പര്‍ പ്ലേറ്റോ, ഡോറോ ഒന്നുമുണ്ടാവില്ല. കൊണ്ടുപോകുന്നത് മണ്ണായാലും, നിര്‍മ്മാണത്തിനായുള്ള കോണ്‍ക്രീറ്റോ കരിങ്കല്ലോ, ഇരുമ്പുകമ്പികളോ മറ്റെന്തുതന്നെയായാലും ഡോറില്ലാത്ത ഈ ടോറസുകളില്‍ തന്നെയാണ് പോക്ക്. അപകടത്തില്‍പ്പെടാതിരിക്കണമെങ്കില്‍ പിറകില്‍ വരുന്ന വാഹനങ്ങളിലുള്ളവര്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്കു കൊള്ളാം എന്ന നിലയിലാണ്.
കൊല്ലം റെയില്‍വേ ഗേറ്റിന് തൊട്ടരികില്‍ നിന്നുള്ള ചിത്രമാണ് വാര്‍ത്തയ്ക്ക് ഒപ്പമുള്ളത്. ലോറിയ്ക്ക് പിന്നില്‍ നമ്പര്‍ പ്ലേറ്റോ ഡോറോ ഇന്റിക്കേറ്ററോ ഇല്ല. ജി.ഐ പൈപ്പുകള്‍ കെട്ടിവെക്കുക കൂടി ചെയ്യാതെ അലക്ഷ്യമായി കൊണ്ടുപോകുകയാണ്. തൊട്ടടുത്തുള്ള ഹമ്പില്‍വെച്ച് ലോറി ഒന്നിളകിയാല്‍ പൈപ്പുകള്‍ കുത്തനെ പിറകോട്ട് വന്ന് പിന്നിലുള്ള വാഹനത്തിലുള്ളവര്‍ക്കുമേല്‍ പതിക്കാന്‍ സാധ്യത ഏറെയാണ്. ”ഈ വാഹനത്തിന് പിറകിലുണ്ടായിരുന്ന ഞാന്‍ പേടിയോടെയാണ് ബൈക്കുമായി പോയത്. എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍പ്പെടാം എന്ന അവസ്ഥയായിരുന്നു.” വാഗാഡിന്റെ ലോറിയ്ക്ക് പിന്നിലുണ്ടായിരുന്ന റസില്‍ എന്ന യാത്രികന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും വാഹനയാത്രികരെ സംബന്ധിച്ച് അപൂര്‍വ്വമായ കാഴ്ചയൊന്നുമാകില്ല ഇത്. രാവിലെയും വൈകുന്നേരവും പോലെ തിരിക്കേറിയ സമയങ്ങളില്‍ അടക്കം യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ നഗരത്തിലൂടെ ചീറിപ്പായുന്ന വാഗാഡ് ലോറികള്‍ ഇവിടെ സ്ഥിരം കാഴ്ചയാണ്. പലതവണ വീഡിയോ ദൃശ്യങ്ങളടക്കം നിരവധി പരാതികള്‍ ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്നെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ക്യാമറകള്‍ ഉപയോഗിച്ചും റോഡരികില്‍ പതിയിരുന്നും ഹെല്‍മറ്റ് ധരിക്കാതെയോ സീറ്റ് ബെല്‍റ്റ് ഇടാതെയോ യാത്ര ചെയ്യുന്ന സാധാരണക്കാരെ പിഴിയുന്ന മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കൊയിലാണ്ടിയില്‍ കാലങ്ങളായി വാഗാഡ് കമ്പനികള്‍ തുടര്‍ന്നുപോരുന്ന നിയമലംഘനങ്ങള്‍ക്ക് മുമ്പില്‍ കണ്ണടക്കുകയാണ്. വാഗാഡ് ലോറിയുടെ മരണപ്പാച്ചില്‍ കാരണം ഇരുചക്ര വാഹന യാത്രികന്‍ മരണപ്പെട്ടത് കൊയിലാണ്ടി മണമല്‍ ജങ്ഷനില്‍വെച്ചാണ്. ഈ സംഭവം നടന്നിട്ട് അധികകാലമായിട്ടില്ല. അടുത്തിടെ കെ.എസ്.ഇ.ബിയ്ക്ക് എട്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയും ഇതേ വാഗാഡ് ലോറികള്‍ തന്നെയാണ്.
അന്ന് അഞ്ചോളം പോസ്റ്റുകള്‍ തകര്‍ത്തിട്ടും നിര്‍ത്താതെപോയ ലോറി നാട്ടുകാര്‍ ചേര്‍ന്നാണ് തടഞ്ഞ് നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. ലോറിയ്ക്ക് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ കൊല്ലം പെട്രോള്‍ പമ്പിന് അരികിലും വാഗാഡ് ലോറി ബൈക്ക് യാത്രികന് അപകടമുണ്ടാക്കിയിരുന്നു. ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് വാഗാഡ് ലോറിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ അടുത്തിടെയുണ്ടായത്.
ഈ നിയമലംഘനങ്ങള്‍ക്ക് മുമ്പില്‍ അധികാരികളുടെ കണ്ണ് തുറയ്ക്കണമെങ്കില്‍ ഇനിയും എത്ര അപകടങ്ങളും മരണങ്ങളും സംഭവിക്കണമെന്നതാണ് നാട്ടുകാരുടെ ചോദ്യം.
വീഡിയോ