നമ്പര്‍ പ്ലേറ്റോ പിന്‍ഭാഗത്ത് ഡോറോ ഇല്ല; വാഗാഡ് ലോറിയുടെ നിയമവിരുദ്ധ യാത്ര തുടരുന്നു- ചേമഞ്ചേരിയില്‍ നിന്നുളള ചിത്രം കാണാം


ചേമഞ്ചേരി: നമ്പര്‍ പ്ലേറ്റോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ വാഗാഡ് ലോറി ദേശീയപാതയിലൂടെ കടന്നുപോകുന്നത് പതിവായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. കഴിഞ്ഞദിവസം ചേമഞ്ചേരിയിലൂടെ കടന്നുപോയ വാഗാഡ് ലോറിയുടെ ചിത്രമാണിത്.

ലോറിയ്ക്ക് പിന്‍വശത്ത് നമ്പര്‍ പ്ലേറ്റില്ല, ഡോറുമില്ല. റോഡ് പൊളിച്ചതിന്റെ മാലിന്യങ്ങളുമായാണ് കടന്നുപോകുന്നത്. പിറകില്‍ വരുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഏറെ ഭീഷണിയാണ് ഈ ലോറികള്‍ സൃഷ്ടിക്കുന്നത്.

ലോറികളില്‍ ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പിന്‍വശത്ത് ഡോര്‍ നിര്‍ബന്ധമാണ്. മുകളില്‍ ഷീറ്റിടണമെന്നുമുണ്ട് എന്നിരിക്കെയാണ് ഇതുവഴി എല്ലാദിവസവും നിയമപരമായ യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ ലോറികള്‍ കടന്നുപോകുന്നത്.

നേരത്തെ വാഗാഡ് ലോറികളുടെ അപകടകരമായ യാത്രയ്‌ക്കെതിരെ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വാഹനങ്ങള്‍ നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും തടയുന്നതും പതിവായിരുന്നു. ഈ സമയത്ത് നിയമപരമായ സുരക്ഷാ മുന്‍കരുതലില്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കിപ്പുറം സ്ഥിതി പഴയപടി തന്നെയായിരിക്കുകയാണ്.