‘പാട്ടും ചർച്ചകളുമായി ആറു ദിനങ്ങൾ കടന്ന് പോയത് അറിഞ്ഞില്ല, എത്തിയവരെല്ലാം ഫെസ്റ്റ് ​ഗൗരവത്തോടെ കണ്ടു’;വടകരയിലെ ‘വ’ ഫെസ്റ്റിന് ഇംതിയാസ് ബീഗത്തിന്റെ ഗസലോടെ ഇന്ന് സമാപനം


വടകര: വായന, വാക്ക്, വര, വടകര പേരുകൊണ്ടും അവതരണ രീതികൊണ്ടും വ്യത്യസ്തമായ വ ഫെസ്റ്റിന് ഇന്ന് സമാപനമാകും. പാട്ടും ചര്‍ച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല. മികച്ച പ്രതികരണമാണ് ഫെസ്റ്റിന് ലഭിച്ചത്. വടകരക്കാർ മാത്രമല്ല ജില്ലയ്ക്ക് പുറത്ത് നിന്നും ഒട്ടനവധി പേർ കഴിഞ്ഞ അഞ്ച് ദിവസവും മുനിസിപ്പല്‍ പാര്‍ക്കിൽ എത്തിയിരുന്നു. എല്ലാവരും ​ഗൗരവത്തോടെയാണ് വ ഫെസ്റ്റിനെ കണ്ടെതെന്ന് സംഘാടകർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

സമാപന ദിവസമായ ഇന്ന് വൈകീട്ട് 5 മണിക്ക് മലയാളികളുടെ പ്രിയ എഴുത്തുകാരായ എം മുകുന്ദനും സുബാഷ് ചന്ദ്രനും ആദരം നൽകും. മലയാളികളുടെ രണ്ട് വെള്ളിയാംകല്ലുകൾ എന്ന വിശേഷണമാണ് സംഘാടകർ ഇരുവർക്കും നൽകിയിരിക്കുന്നത്. തുടർന്ന് ആറുമണിയോടെ ​ഇംതിയാസ് ബീ​ഗത്തിന്റെ ഗസൽ മഴ പെയ്യും. ​ഗസലോടുകൂടി ഈ വർഷത്തെ വ ഫെസ്റ്റിന് സമാപനമാകും.

ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തക സമ്മാന കൂപ്പൺ വിജയികളേയും ഇന്ന് നറുക്കെടുക്കും. ഒന്നാം സമ്മാനം വിജയിക്ക് ഇഷ്ടപ്പെട്ട 10000 രൂപ മുഖവിലയുള്ള പുസ്തകങ്ങളാണ്. രണ്ടാം സമ്മാനം 5000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും മൂന്നാം സമ്മാനം 3000 രൂപ മുഖവിലയുള്ള പുസ്തകങ്ങളുമാണ്. രാത്രി ഏഴുമണിക്കാണ് നുക്കെടുപ്പ് നടക്കുക.

സഫ്ദർ ഹാഷ്മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടം സിനിമയുടെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആദരമർപ്പിച്ചു കൊണ്ടായിരുന്നു ഫെസ്റ്റിന്‌റെ തുടക്കം. കേരളത്തിലെ പ്രധാന പ്രസാധകർക്കൊപ്പം രാജ്യാന്തര പ്രസാധക സംഘങ്ങളുടെ പുസ്തകങ്ങളും പുസ്തകോത്സവത്തിൽ ലഭ്യമാണ്‌.