കൊയിലാണ്ടിയിലെ 99% കടകളും അടച്ചിടും; സമരത്തിന് പൂര്‍ണപിന്തുണയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഔദ്യോഗിക വിഭാഗവും, മറിച്ചുള്ള പ്രചരണം തെറ്റിദ്ധാരണ പരത്തുന്നതെന്നും വിശദീകരണം


കൊയിലാണ്ടി: ഫെബ്രുവരി 13ന് കടകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കൊയിലാണ്ടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടന സമരത്തിനൊപ്പമാണെന്നും മറിച്ചുള്ള പ്രചരണം സംഘടനയില്‍ നിന്നും നേരത്തെ ജില്ലാ കമ്മിറ്റി പുറത്താക്കിയയാളുടെ നേതൃത്വത്തില്‍ നടക്കുന്നതാണെന്നും അതിന് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് ജനറല്‍ സെക്രട്ടറി ഫറൂഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഏകോപന സമിതിയുടെ പേരില്‍ കൊയിലാണ്ടിയില്‍ പോസ്റ്റര്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സംഘടന നേതാക്കളുടെ വിശദീകരണം.

പുറത്താക്കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടിയിലെ 99% വ്യാപാരികളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മര്‍ച്ചന്റ്‌സ് അസോസിയേഷനും ടെക്‌സ്റ്റൈല്‍, മലഞ്ചരക്ക്, ഹോട്ടല്‍, പച്ചക്കറി വ്യാപാരികളും സമരത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.