സുരക്ഷിതമായി റെയില്‍പ്പാത മുറിച്ചുകടക്കാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എന്ന ആവശ്യത്തോട് ഇപ്പോഴും മുഖംതിരിഞ്ഞുതന്നെ; പന്തലായനി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്നവരടക്കം ആയിരക്കണക്കിനാളുകള്‍ക്ക് വഴിയടച്ച് റെയില്‍വേ, നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും


കൊയിലാണ്ടി: റെയില്‍പ്പാളം മുറിച്ചുകടക്കുന്നവര്‍ക്കും പാളത്തിനരികിലൂടെ യാത്ര ചെയ്യുന്നവര്‍ക്കുമെതിരെ കൊയിലാണ്ടിയിലും വ്യാപകമായി നടപടി വരികയാണ്. പന്തലായനി ഭാഗത്തെ നാട്ടുകാരടക്കം ഒട്ടേറെപ്പേര്‍ ഇത്തരത്തില്‍ റെയില്‍വേ പൊലീസിന്റെ പിടിയിലാവുകയും മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തവരായുണ്ട്.

പന്തലായനി ഭാഗത്തുള്ളവര്‍ കൊയിലാണ്ടി ടൗണിലെത്താന്‍ പാളം മുറിച്ചു കടന്നാണ് യാത്ര ചെയ്യുന്നത്. ഈ ഭാഗങ്ങളില്‍ നിന്നും പന്തലായനി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകാനുള്ള വിദ്യാര്‍ഥികളും റെയില്‍വേ പാളം മുറിച്ചു കടന്നാണ് പോകാറുള്ളത്. ഇവരുടെയെല്ലാം യാത്ര ഏറെ ബുദ്ധിമുട്ടാക്കിമാറ്റിക്കൊണ്ടാണ് റെയില്‍വേ ഇപ്പോള്‍ നടപടിയെടുത്തുകൊണ്ടിരിക്കുന്നത്. 300 രൂപയാണ് പാളത്തിലൂടെ യാത്ര ചെയ്യുന്നവരില്‍ നിന്നും കോടതി പിഴയായി ഈടാക്കുന്നത്.

ഈ ഭാഗത്തുള്ളവര്‍ക്ക് കൊയിലാണ്ടിയിലെത്താന്‍ ഏറ്റവും എളുപ്പവഴി റെയില്‍പ്പാളത്തിലൂടെയുള്ള യാത്രയാണ്. അല്ലാത്തപക്ഷം ഏറെ ദൂരം ചുറ്റിപോകേണ്ട സ്ഥിതിയാണ്. അതിനാല്‍ റെയില്‍പ്പാളം മുറിച്ച് സുരക്ഷിതമായ രീതിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യം റെയില്‍വേ ഒരുക്കി നല്‍കണമെന്നാണ് നാട്ടുകാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

നിലവില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉണ്ടെങ്കിലും അത് പ്ലാറ്റ്‌ഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ളതാണ്. ഇത് നീട്ടി അരിക്കുളം മുത്താമ്പി ഉള്ള്യേരി വഴി വരുന്ന ആളുകള്‍ക്കും പരിസരവാസികള്‍ക്കും ഉപകാരപ്രദമാകുംവിധം നിര്‍മ്മിക്കുകയും പന്തലായനി ഭാഗത്ത് പുതിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിച്ചു നല്‍കുകയും ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

റെയില്‍വേ നിയമം കര്‍ശനമാക്കിയതോടെ പന്തലായനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരാന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്ന് സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് ബിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. നഗരസഭയും കൊയിലാണ്ടി എം.എല്‍.എയ്ക്കും ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ചുനല്‍കണമെന്ന ആവശ്യമുയര്‍ത്തി അപേക്ഷകളും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

റെയില്‍വേ ഭൂമിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ റെയില്‍വേയ്ക്കാണ് അധികാരമുള്ളത്. റെയില്‍വേ അനുമതി ലഭിച്ചാല്‍ തന്നെ റെയില്‍വേ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭയ്ക്ക് തുക വകയിരുത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാല്‍ പന്തലായനി സ്‌കൂളിന് സമീപം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ റെയില്‍വേയ്ക്കുമേല്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ശക്തമാകുകയാണ് വേണ്ടതെന്നും ബിജു വ്യക്തമാക്കി. വരുംദിവസങ്ങളില്‍ ഈ ആവശ്യമുന്നയിച്ച് എം.എല്‍.എയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.