വ്യാപാരികളുടെ കടയടപ്പ് സമരം കൊയിലാണ്ടിയില്‍ പൂര്‍ണ്ണം; അവശ്യസേവനങ്ങളൊഴികെ മുഴുവന്‍ കടകളും അടച്ചിട്ട നിലയില്‍


കൊയിലാണ്ടി: സംസ്ഥാനത്തെ വ്യാപാരികളും വ്യവസായികളും പ്രഖ്യാപിച്ച കടയടപ്പുസമരം കൊയിലാണ്ടിയില്‍ പൂര്‍ണ്ണം. കൊയിലാണ്ടിയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ടെക്‌സ്‌റ്റൈല്‍സ് അസോസിയേഷന്‍, ഹോട്ടല്‍ തൊഴിലാളികള്‍, മലഞ്ചരക്ക് വ്യാപാരികള്‍, പച്ചക്കറി വ്യാപാരികള്‍ തുടങ്ങിയവരെല്ലാം തന്നെ സമരത്തെ പിന്തുണച്ചുകൊണ്ട് കടകള്‍ അടച്ചിട്ടിരിക്കുകയാണ്.

വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ചു വ്യാപാരമന്ത്രാലയം രൂപവത്കരിക്കുക, മാലിന്യം നീക്കംചെയ്യാനില്ലാത്ത വ്യാപാരസ്ഥാപനങ്ങളെ യൂസര്‍ ഫീ അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. വ്യാപാരികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് അദ്ദേഹം സമര്‍പ്പിക്കും.