‘ഫെബ്രുവരി 13ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും’; കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് കേരളാ വ്യാപാരി വ്യസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്


കൊയിലാണ്ടി: ഫെബ്രുവരി 13ന് കൊയിലാണ്ടിയില്‍ പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്. യൂണിറ്റിലെ അംഗങ്ങള്‍ നാളെ നടക്കാനിരിക്കുന്ന കടയടപ്പ് സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

ചെറുകിട വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിക്കുന്നതിനായി കടയടപ്പ് പോലെയുള്ള സമരമാര്‍ഗ്ഗങ്ങള്‍ വേണ്ടതുണ്ടോയെന്ന് വ്യാപാരികള്‍ തന്നെ ആലോചിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യവും ഷോപ്പിങ് സംസ്‌കാരത്തില്‍ വന്ന മാറ്റവും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ ലഭ്യതയും കാരണം ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് മാറിയിട്ടുണ്ട്. ഇതിനൊപ്പം ടാറ്റ, റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റുകള്‍ നേരിട്ട് നടത്തുന്ന സ്റ്റോറുകളും ലുലു ഉള്‍പ്പെടെയുള്ള മാളുകളും വന്നു. കടയടച്ച് സമരം ചെയ്താല്‍ അതിന്റെ ഗുണം ലഭിക്കുന്നത് ഇതുപോലുള്ള ഭീമന്മാര്‍ക്കാണ്. ഓഫ്‌ലൈന്‍ ആയും ഓണ്‍ലൈന്‍ ആയും ഇവര്‍ തടസമില്ലാതെ കച്ചവടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടിലെ ചെറുകിട വ്യാപാരികളുടെ കയ്യില്‍ പണം എത്തിയാല്‍ അത് നമ്മുടെ നാട്ടില്‍ തന്നെ സര്‍ക്കുലേറ്റ് ചെയ്യും. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ കയ്യില്‍ പണം എത്തിയാല്‍ അത് നമ്മുടെ നാട്ടില്‍ സര്‍ക്കുലേറ്റ് ചെയ്യില്ല. മാത്രമല്ല, ഒരു രൂപപോലും സഹായമായോ സംഭാവനയായോ നാടിന് ലഭിക്കില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ കൂടി സഹായത്തോടെ കുത്തകകളെ ചെറുത്തുതോല്‍പ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് സംഘടനകള്‍ തയ്യാറാവേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി.

യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ.പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ശശീന്ദ്രന്‍ എം, ഐശ്വര്യ ചന്ദ്രന്‍, കുഞ്ഞിക്കേളപ്പന്‍.എന്‍.കെ, രാമദാസ് റോയല്‍ ടയേഴ്‌സ്, ബാലകൃഷ്ണന്‍ ദീപ്തി സ്റ്റോര്‍, ബഷീര്‍.വി.പി, ജനറല്‍ സെക്രട്ടറി ജിതേഷ്.എന്‍.കെ, ട്രഷറര്‍ എന്‍.ഷറഫുദ്ദീന്‍, സെക്രട്ടറിമാരായ ഗിരീഷ് ശ്രീദീപം, ജിഷ (കാര്‍ത്തിക ഡി.ടി.പി), ശശികുമാര്‍ ഹൈടെക് സൊലൂഷ്യന്‍, പ്രേംനാഥ് ടീസ്റ്റാള്‍, രക്ഷാധികാരി കബീര്‍ സലാല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.