”പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ പൊതുസമൂഹം ജാഗ്രത കാട്ടണം”: കീഴരിയൂര്‍ കണ്ണോത്ത് യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ വി.ആര്‍.സുധീഷ്


കീഴരിയൂര്‍: പഠനം അനുഭവഭേദ്യവും സൗന്ദര്യം ആസ്വാദ്യകരവുമാകുന്ന പ്രക്രിയയാണ് പൊതു വിദ്യാഭ്യാസത്തിലൂടെ നടക്കുന്നതെന്നും അതിനാല്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രശസ്ത സാഹിത്യകാരന്‍ വി.ആര്‍.സുധീഷ് പറഞ്ഞു.

കണ്ണോത്ത് യു.പി.സ്‌കൂളിന്റെ വാര്‍ഷികാഘോഷവും ദീര്‍ഘകാല സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി.ടി.ഷീബ, വി.പി.സദാനന്ദന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും നഴ്‌സറി കലോത്സവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസത്തിന്റെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ പൊതുസമൂഹം ജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.ജറീഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല ടീച്ചര്‍ സ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാര്‍ എം.എം.രവീന്ദ്രന്‍, ഐ.സജീവന്‍, എം.സുരേഷ്‌കുമാര്‍, ഇ.എം.മനോജ്, ഗോപാലന്‍ ഒറ്റിഓയത്തില്‍, ഫൗസിയ കുഴുമ്പില്‍, ടി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.എം.സുരേഷ് ബാബു, കെ.പ്രഭാകരക്കുറുപ്പ്, സിന്‍ഷ.എം, എ.വി.ഷക്കീല, എ.ശ്രീജ, പി.ഷിജില, ഫാത്തിമ റിയ, ആദിയ അനിറ്റ എന്നിവര്‍ സംസാരിച്ചു. പി.ടി.ഷീബ, വി.പി.സദാനന്ദന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സി.ബിജു സ്വാഗതവും കെ.അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.