താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് വെള്ളമെത്തുന്ന പൈപ്പ് മുറിച്ചുമാറ്റിയ സംഭവം; പൊലീസിന്റെ ഭാഗത്ത് മെല്ലെപ്പോക്കെന്ന് ആരോപണം, പ്രതിഷേധവുമായി സ്റ്റാഫ് കൗണ്‍സില്‍


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് മുറിച്ചു മാറ്റിയ അട്ടിമറി ശ്രമത്തില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ അന്ന് തന്നെ പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും മെല്ലെപ്പോക്ക് ആണ് ഉണ്ടായിട്ടുള്ളതെന്നും സ്റ്റാഫ് കൗണ്‍സില്‍ കുറ്റപ്പെടുത്തി.

നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ ജീവന്‍ വരെ അപകടത്തിലാകുമായിരുന്ന അട്ടിമറി ശ്രമമാണ് ആശുപത്രിയില്‍ നടന്നിട്ടുള്ളത്. ഇതിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ അറിയിച്ചിട്ടും പോലീസ് സംഭവത്തെ ഗൗരവകരമായി എടുത്തില്ല. ഇതിന് മുമ്പും പലതവണ ചെറിയ തരത്തിലുളള അട്ടിമറി ശ്രമങ്ങള്‍ ആശുപത്രിയില്‍ നടന്നിട്ടുണ്ട്. രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ അട്ടിമറി ശ്രമങ്ങള്‍ അവര്‍ത്തിക്കപ്പെടുകയും അറിയാതെ വന്നാല്‍ ജീവന്‍ അപകടത്തിലാകുന്ന നിലവരികയും ചെയ്‌തേക്കാമെന്നും സ്റ്റാഫ് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

ഇതിന് പരിഹാരം ആവശ്യപ്പെട്ടാണ് സ്റ്റാഫ് കൗണ്‍സില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡോ. സുനില്‍കുമാര്‍, സൂപ്രണ്ട് ഇന്‍-ചാര്‍ജ് ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. അബ്ദുല്‍ അസീസ്, ആര്‍.എം.ഓ ഡോ. മുഹമ്മദ് അഫ്‌സല്‍, ലേ-സെക്രട്ടറി ശ്രീ. ബിജോയ് .സി.പി എന്നിവര്‍ സംസാരിച്ചു.

ഡയാലിസിസിനാവശ്യമായ വെള്ളമെത്തിക്കുന്ന പൈപ്പാണ് മുറിച്ചുമാറ്റിയ നിലയില്‍ കണ്ടത്. വെള്ളം എത്തിക്കാനായില്ലെങ്കില്‍ ഡയാലിസിസ് മുടങ്ങുന്ന സ്ഥിതിയുണ്ടാകും. ആശുപത്രി അധികൃതര്‍ തകരാര്‍ ഉടന്‍ പരിഹരിച്ച് ഡയാലിസിസ് സൗകര്യം പുനസ്ഥാപിക്കുകയായിരുന്നു.