കൊയിലാണ്ടിയിൽ ഇല അനങ്ങിയാൽ കറണ്ട് പോകുന്ന സ്ഥിതി ഇനിയും തുടരാനാവില്ല, സബ് സ്റ്റേഷൻ ഉടൻ സ്ഥാപിക്കണം; നഗരത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി മന്ത്രിയെ സമീപിച്ച് വി.പി.ഇബ്രാഹിംകുട്ടി



കൊയിലാണ്ടി: നഗരത്തിലെ അപ്രഖ്യാപിത കരണ്ട് കട്ടിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലറും കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി അംഗവുമായ വി.പി ഇബ്രാഹിം കുട്ടി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് നിവേദനം നല്‍കി. നിലവില്‍ കൊയിലാണ്ടി മേഖല അനുഭവിക്കുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കൊയിലാണ്ടിയില്‍ 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ ഗ്യാസ് ഇന്‍സുലേറ്റ് സബ് സ്‌റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

കെ.എസ്.ഇ.ബി സൗത്ത്, നോര്‍ത്ത്, മൂടാടി മേഖലകളില്‍ ഏകദേശം 60000 ഉപഭോക്താക്കളുണ്ട്. നിലവിലുള്ള സബ് സ്‌റ്റേഷന്‍ കൊയിലാണ്ടി പട്ടണത്തില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കന്നൂരാണുള്ളത്. പതിനൊന്ന് കെ.വി ഫീഡറുകളിലൂടെ കൊയിലാണ്ടി ടൗണിലും പരിസരത്തും വൈദ്യുതി എത്തിക്കുന്നത്. പുഴകള്‍ മുറിച്ച് കടന്നാണ്. ലോഡ് കൂടുതല്‍ ആവശ്യമുള്ളതും ടൗണ്‍ഷിപ്പ് ഉള്ളതും റെയില്‍വേ ട്രാക്കിന്റെ പടിഞ്ഞാറ് ഭാഗത്താണ്. നിലവിലുള്ള സബ് സ്റ്റേഷന്‍ കിഴക്ക് ഭാഗത്താണ്. പടിഞ്ഞാറ് ഭാഗത്തേക്ക് 11 കെ.വി കേബിളിലൂടെയാണ് വൈദ്യുതി എത്തിക്കുന്നത്. ഈ കേബിളിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി സ്ഥാപനങ്ങള്‍ ഇരുട്ടിലാവുകയാണ്. വലിയ വിലകൊടുത്ത് ജനറേറ്റര്‍ സ്ഥാപിക്കാന്‍ കഴിയാത്ത ചെറുകിട സ്ഥാപനങ്ങള്‍ ഈ പ്രശ്‌നം കാരണം ഏറെ ബുദ്ധിമുട്ടുകയാണെന്ന് നിവേദനത്തില്‍ പറയുന്നു.

താലൂക്ക് ഹോസ്പിറ്റല്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും വൈദ്യുതിയുടെ ഒളിച്ച് കളികാരണം പ്രതിസന്ധിയിലാണ്. കൊയിലാണ്ടിക്കാരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കൊയിലാണ്ടിയില്‍ സബ് സ്റ്റേഷന്‍ സ്ഥാപിക്കാനായി സ്ഥലം കണ്ടെത്താന്‍ 20.6 കോടിരൂപയുടെ ഭരണാനുമതി 2021 ജനുവരി അഞ്ചിന് നല്‍കിയിട്ടുണ്ടെന്നും സ്ഥലം കണ്ടെത്താന്‍ ഒന്നരവര്‍ഷത്തിനിപ്പുറവും കഴിയാത്തതാണ് പുതിയ സബ് സ്റ്റേഷന്‍ നീണ്ടുപോകാന്‍ കാരണമെന്നും വി.പി ഇബ്രാഹിംകുട്ടി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇല അനങ്ങിയാല്‍ കറണ്ട് പോകുന്ന സ്ഥിതിയാണ് നിലവിലേത്. 11കെ.വി ലൈനില്‍ ചെറിയ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പുഴ കടന്നൊക്കെ പോകുന്നതുകൊണ്ട് തകരാര്‍ പരിഹരിക്കാന്‍ ഏറെ നേരം എടുക്കുകയാണ്. വൈദ്യുതി പ്രശ്‌നം കാരണം പല ചെറുകിട സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവന്നിട്ടുണ്ട്. ചിലത് അടച്ചുപൂട്ടലിന്റെ വക്കിലാണ്. അതിനാല്‍ ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആവശ്യത്തോട് മന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. ഉദ്യോഗസ്ഥരെ വിളിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 70 സെന്റ് സ്ഥലമാണ് 110 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായുള്ളത്. ഗ്യാസ് ഇന്‍സുലേറ്റ് സബ് സ്റ്റേഷനാണെങ്കില്‍ 30 സെന്റ് മതിയാകും. എത്രയും പെട്ടെന്ന് ഈ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.