ഇന്ന് ഇരട്ടത്തായമ്പകയും നാടകവും; വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം കൊടിയേറി


കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം കൊടിയേറി. തന്ത്രി കുബേരന്‍ സോമയാജിപ്പാട് മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. കൊടിയേറ്റത്തിനുള്ള മുള നടുവത്തൂര്‍ കുറുമയില്‍ കിഴക്കെ തയ്യില്‍ രഘുനാഥിന്റെ വീട്ടുപറമ്പില്‍ നിന്നും ഇന്ന് രാവിലെ മുറിച്ചു.

കൊടിയേറ്റത്തിന് പിന്നാലെ കരിമരുന്ന് പ്രയോഗം നടന്നു. തുടര്‍ന്ന് സമൂഹസദ്യ നടന്നു. വൈകുന്നേരം കലാമണ്ഡലം ഹരികൃഷ്ണന്‍ അനന്തപുരം, കലാമണ്ഡലം ഹരികൃഷ്ണന്‍ ആലപ്പുഴ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന നാടകം ‘നമ്മള്‍’ എന്നിവ നടക്കും.

മാര്‍ച്ച് 3ന് കൊച്ചു കലാകാരന്‍മാരുടെ മേളം, ക്ഷേത്രം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര, ശുകപുരം രഞ്ജിത്, സദനം അശ്വിന്‍ മുരളി എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, കൈരളി കലാ-സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന കൈരളി നൈറ്റ് എന്നിവ അരങ്ങേറും.

മാര്‍ച്ച് 4ന് കോട്ടപ്പുറം കുടവരവ്, മഞ്ഞുമ്മല്‍ മഹാദേവന്‍- ഏറണാകുളം അവതരിപ്പിക്കുന്ന തായമ്പക, അരങ്ങോല വരവ്, പിന്നണി ഗായിക ശിഖ പ്രഭാകര്‍ നയിക്കുന്ന ഗാനമേള, മുല്ലക്കാന്‍ പാട്ടിനെഴുന്നള്ളത്ത്, പാണ്ടിമേളം, പുലര്‍ച്ചെ പരദേവതാ ക്ഷേത്രത്തില്‍ കള പ്രദക്ഷിണം, തുടര്‍ന്ന് തേങ്ങ ഏറുംപാട്ടും എന്നിവ അരങ്ങേറും.

മാര്‍ച്ച് 5ന് വൈകീട്ട് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, കണലാടി വരവ്, വെടിക്കെട്ട്, ചൊവ്വല്ലൂര്‍ മോഹനന്‍ വാര്യരുടെ തായമ്പക എന്നിവയും പ്രധാന ദിവസമായ മാര്‍ച്ച് 6ന് പുലര്‍ച്ചെ നെയ്യാട്ടം, കാലത്ത് ആനയൂട്ട്, കഴകത്ത് വരവ്, തുടര്‍ന്ന് തട്ടാരി, കേളോത്ത് താഴെ, കുറ്റിമാക്കൂല്‍, പാണക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള ആഘോഷ വരവുകള്‍, ഉച്ചക്ക് ശേഷം തിരുവായുധം വരവ്, ഭഗവതി തിറ, തിടമ്പ് വരവ്, ആല്‍ത്തറ വരവ്, പൊതുജന കാഴ്ചവരവ്, തണ്ടാന്‍ വരവ്, താലപ്പൊലി, കമ്മാളരുടെ വരവ്, പരദേവതക്ക് നട്ടത്തിറ, കാലിക്കറ്റ് മ്യൂസിക്കല്‍ വൈബിന്റെ ഗാനമേള, കരിമരുന്ന് പ്രയോഗം, പുലര്‍ച്ചെയോടെ പരദേവതക്ക് വെള്ളാട്ട്, വേളിത്തിരിവെക്കല്‍, പരദേവതത്തിറ, കനല്‍ നിവേദ്യം, ഭഗവതി തിറ, ചാമുണ്ഡി തിറ, കനലാട്ടം, ഗരുഡന്‍ തിറ എന്നിവ നടക്കും.

സമാപന ദിവസമായ മാര്‍ച്ച് 7ന് കാലത്ത് കാളിയാട്ട പറമ്പില്‍ ഗുരുതി, വൈകീട്ട് മലക്കളി, രാത്രി ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ടിനെഴുന്നള്ളിപ്പ്, ഇരിങ്ങപ്പുറം ബാബുവിന്റെ മേളപ്രമാണത്തില്‍ നൂറോളം വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം, വാളകം കൂടലിന് ശേഷം കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.