”എനിക്ക് സങ്കടായിട്ടാണ്, ആടെ എന്നെപ്പോലത്തെ കൊറേ കുട്ട്യോളുണ്ടല്ലോ” വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സ്വര്‍ണക്കമ്മല്‍ നല്‍കിയ വിയ്യൂരിലെ ആറാം ക്ലാസുകാരി ഏയ്ഞ്ചല്‍ പറയുന്നു
കൊയിലാണ്ടി: ”എനിക്ക് സങ്കാടിയിട്ടാണ്, ആടെ എന്നെപ്പോലത്തെ കൊറേ കുട്ട്യോളുണ്ടല്ലോ” വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സ്വര്‍ണക്കമ്മല്‍ ഊരി നല്‍കിയ വിയ്യൂര്‍ സ്വദേശിനായ ആറാം ക്ലാസുകാരി ഏയ്ഞ്ചലിന്റെ വാക്കുകളാണിത്. ഇന്നലെയാണ് തന്റെ സ്വര്‍ണ്ണക്കമ്മല്‍ ഏയ്ഞ്ചല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.
കൊല്ലം യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഏയ്ഞ്ചല്‍. വിയ്യൂര്‍ കുരിയിടത്തില്‍ ഷാജി, ഷിജിത ദമ്പതികളുടെ മകളാണ്.
വയനാട് ദുരന്തത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ മകള്‍ ഇങ്ങനെയൊരു ആഗ്രഹം പങ്കുവെച്ചിരുന്നെന്ന് ഷിജിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വിദേശത്തുള്ള അച്ഛനോടും ഇക്കാര്യം പറഞ്ഞു. മകള്‍ ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ ‘അവള്‍ക്ക് അങ്ങനെയൊരു മനസുണ്ടല്ലോ, അതിലും വലുതായി എന്ത് വേണം’ എന്നതായിരുന്നു ഞങ്ങള്‍ക്ക് തോന്നിയതെന്നും അവര്‍ പറഞ്ഞു.
ഏയ്ഞ്ചലില്‍ നിന്നും കമ്മല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എല്‍.ജി.ലിജീഷ് ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് പ്രസിഡണ്ട് കെ.കെ.സതീഷ് ബാബു, ദിനൂപ്.സി.കെ എന്നിവര്‍ പങ്കെടുത്തു.