കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും
കൂരാച്ചുണ്ട്; കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും. കക്കയം ഫോറസ്റ്റ് ഓഫീസില്‍ കെ എം സച്ചിന്‍ ദേവ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. തോണിക്കടവ്, കരിയാത്തുംപാറ കക്കയം ഡാം സൈറ്റ് എന്നിവിടങ്ങളിലേയ്ക്കുളള പ്രവേശനം നേരത്തെ ആരംഭിച്ചിരുന്നു.
എന്നാല്‍ കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് ഇക്കോ ടൂറിസം സെന്റര്‍ തുറക്കാത്തതിനാല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിച്ചിരുന്നില്ല.
ജനുവരിയിലും മാര്‍ച്ചിലും കാട്ടുപോത്ത് ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് കക്കയം ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടുകയായിരുന്നു. ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. വനമേഖലയോട് ചേര്‍ന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് സുരക്ഷ ഉറപ്പ് വരുത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.