വില്ലേജ് ജീവനക്കാര്‍ മുടങ്ങിക്കിടക്കുന്ന ഇലക്ഷന്‍ പ്രവൃത്തികള്‍ നിര്‍വ്വഹിക്കണമെന്ന ഉത്തരവ്; കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവുമായി ജീവനക്കാര്‍


Advertisement
കൊയിലാണ്ടി: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ മുടങ്ങികിടക്കുന്ന ഇലക്ഷന്‍ പ്രവൃത്തികള്‍ വില്ലേജ് ജീവനക്കാര്‍ നിര്‍വ്വഹിക്കണമെന്ന റവന്യു അധികാരികളുടെ ഉത്തരവിനെതിരെ വില്ലേജ് ഓഫീസര്‍മ്മാര്‍. നിലവില്‍ ഓരോ ബൂത്തിലെയും വോട്ടര്‍മാരുടെ വീട് കയറിയുള്ള വിവരശേഖരണം നിര്‍വ്വഹിക്കാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ജില്ലയില്‍ വിവര ശേഖരണം മന്ദഗതിയിലായതിനാല്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് സര്‍വ്വെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തഹസില്‍ദാര്‍മാര്‍ ഉത്തരവിറക്കിയത്.

Advertisement
വില്ലേജിലെ ജോലി ഭാരത്തിന് പുറമെ ബി.എല്‍.ഒ.മാരുടെ അധിക ജോലി കൂടി ചെയ്യാനുള്ള ഉത്തരവിനെതിരെ ജീവനക്കാര്‍ കടുത്തപ്രതിഷേധത്തിലാണ്. ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. വിരമിച്ച ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയും അംഗന്‍വാടി പ്രവര്‍ത്തകരെയും ബി.എല്‍.ഒ.ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നിലവിലുള്ള പ്രതിസന്ധിക്ക് തുടക്കമായത്.

Advertisement
സര്‍ക്കാര്‍ ജീവനക്കാരെ തന്നെ ബി.എല്‍.ഒ.മാരായി നിയമിക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ് റവന്യു വകുപ്പ് .നിലവില്‍ ഓഫീസ് ജോലിക്ക് പുറമെ ബി.എല്‍.ഒ.ഡ്യൂട്ടി കൂടി നിര്‍വ്വഹിക്കുന്ന ജീവനക്കാര്‍ക്ക് നാമമാത്രമായ ഹോണറേറിയമാണ് നല്‍കുന്നതെന്നും വീട് കയറിയുള്ള സര്‍വ്വെ പോലുള്ള പ്രവര്‍ത്തികള്‍ക്ക് പ്രത്യേക പ്രതിഫലം നല്‍കണമെന്നും ബി.എല്‍.ഒ.മാര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

Advertisement
വില്ലേജ് ജീവനക്കാര്‍ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെ ജോലി കൂടി ചെയ്യണമെന്ന ഉത്തരവിനെതിരെ കേരള എന്‍.ജി.ഒ.അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.വിശദീകരണയോഗം ജില്ല പ്രസിഡന്റ് കെ.പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിനു കോറോത്ത്, സംസ്ഥാന കമ്മറ്റി അംഗം വി.പ്രതീഷ്, ബ്രാഞ്ച് പ്രസിഡന്റ് ഷാജി മനേഷ്, സെക്രട്ടറി പ്രദീപ് സായ്‌ലവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

summary: Village employees protest in koyilandy