മോഷ്ടാക്കളെ പിടികൂടാന്‍ തിരച്ചില്‍ വ്യാപകമാക്കി പൊലീസ്, ശേഖരിച്ചത് നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍; കൊയിലാണ്ടിയില്‍ നൈറ്റ് പട്രോളിങ് ശക്തമാക്കാനും തീരുമാനം



കൊയിലാണ്ടി:
കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും മോഷണ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല പട്രോളിങ് അടക്കമുള്ള നടപടികള്‍ ശക്തമാക്കുമെന്ന് പൊലീസ്. നാട്ടുകാരുടെ കൂടി സഹകരണം ഉറപ്പാക്കി പട്രോളിങ് ശക്തിപ്പെടുത്താനാണ് ആലോചിക്കുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ അരിക്കുളം, കൊല്ലം ആനക്കുളം മേഖലകളിലെ വീടുകളില്‍ മോഷ്ടാക്കള്‍ കയറിയ സംഭവമുണ്ടായിരുന്നു. ആനക്കുളത്തെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ മൂന്നുപവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കുന്നത്.

കഴിഞ്ഞദിവസങ്ങളിലുണ്ടായ രണ്ട് മോഷണ സംഭവങ്ങളിലൊഴികെ മറ്റെല്ലാ കേസുകളിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കഴിഞ്ഞദിവസത്തെ സംഭവങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ മുന്‍കാലങ്ങളില്‍ മോഷണക്കുറ്റങ്ങള്‍ക്ക് പിടിയിലായവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രതികള്‍ വലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയുടെ വലിപ്പവും അതിനനുസരിച്ച് ജീവനക്കാരില്ലാത്തതും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പൊലീസ് സമ്മതിക്കുന്നു. നാലോളം പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമൊക്കെ സ്റ്റേഷന്‍ പരിധിയില്‍ വരുന്നുണ്ട്. ഈ മേഖലയിലെല്ലാം രാത്രികാലങ്ങളില്‍ പട്രോളിങ് ഏര്‍പ്പെടുത്തുകയെന്നതിന് പരിമിതിയുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ പറ്റാവുന്ന തരത്തില്‍ പട്രോളിങ് ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി നാട്ടുകാരുടെ കൂടി യോഗം വിളിച്ച് സഹകരണം ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.