വെളിയണ്ണൂര്‍ ചല്ലി വികസനത്തിന് വഴിയൊരുങ്ങുന്നു; 20.7കോടിയുടെ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചതിന് പിന്നാലെ യു.എല്‍.സി.സിക്ക് കരാര്‍


അരിക്കുളം: പേരാമ്പ്ര മണ്ഡലത്തിലെ പാടശേഖരമായ വെളിയണ്ണൂര്‍ ചല്ലി പൂര്‍ണമായും കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തിയുടെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനമായി. 20.7കോടിയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്.

യു.എല്‍.സി.സി മാത്രമായിരുന്നു ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തിരുന്നത്. അതിനാല്‍ ഇറിഗേഷന്‍വകുപ്പ് ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിചേര്‍ന്നാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്. ചൊവ്വാഴ്ച ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ കമ്മിറ്റിചേര്‍ന്നാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് പ്രവൃത്തിയുടെ കരാര്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. സര്‍ക്കാരുമായി യു.എല്‍.സി.സി.എസ്. ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞാല്‍ പ്രവൃത്തി ആരംഭിക്കും.

2023 ഡിസംബര്‍ രണ്ടിനാണ് വെളിയണ്ണൂര്‍ ചല്ലിവികസനത്തിനുള്ള പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചത്. തുടര്‍ന്ന് ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു.

കൊയിലാണ്ടി നഗരസഭയിലും അരിക്കുളം, കീഴരിയൂര്‍, നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് ഈ പാടശേഖരം. 279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ ജല്ലിയില്‍ ഉള്ളത്. ഇതില്‍ 90 ശതമാനം സ്ഥലവും നെല്‍കൃഷി ചെയ്യാതെ വെറുതെ കിടക്കുകയാണ്. 20.7 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ സ്ഥലം നെല്‍കൃഷി ചെയ്യാന്‍ കഴിയുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് പ്രതീക്ഷിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങള്‍:

മീറ്ററില്‍ നായാടന്‍പുഴ വീണ്ടെടുക്കും. നായാടന്‍ പുഴയില്‍നിന്നും തെക്കന്‍ ചല്ലിയിലേക്കുള്ള 200 മീറ്റര്‍ അനുബന്ധതോടും പുനര്‍നിര്‍മിക്കും.

തെക്കന്‍ ചല്ലിയില്‍ നടുതോടും ഇടത്തോടുകളും നിര്‍മിക്കും. ചെറോല്‍ താഴ, നമ്പൂരിക്കണ്ടിതാഴ, തുരുത്തിത്താഴ എന്നിവിടങ്ങളില്‍ ഉപ്പുവെള്ള പ്രതിരോധതടയണകള്‍ (എസ്.ഡബ്യു.ഇ.വി.സി.ബി.കള്‍) നിര്‍മിക്കും. ഒറവിങ്കല്‍ താഴെമുതല്‍ നടുത്തോടും കൈത്തോടുകളും ആവശ്യമുള്ള ഇടങ്ങളില്‍ വീതിയിലും ആഴത്തിലും തോടുകള്‍ നിര്‍മിക്കും. തോടിന്റെ വശങ്ങളില്‍ ട്രാക്ടര്‍ പോകുന്നരീതിയില്‍ ബണ്ടുകള്‍ ഉണ്ടാവും.

നമ്പൂരിക്കണ്ടി താഴ ബണ്ടിന്റെ താഴെയുള്ള ഭാഗങ്ങളില്‍ നെല്‍ക്കൃഷി പ്രയോഗികകമല്ലെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. നെല്‍കൃഷി ചെയ്യാത്ത സ്ഥലത്ത് ജലടൂറിസം പദ്ധതിയും വിഭാവനം ചെയ്യുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 200 ഹെക്ടറില്‍ നെല്‍കൃഷി ഉള്‍പ്പെടെയുള്ള സംയോജിത കൃഷിയും ടൂറിസം വികസനവും നടക്കും.

പ്രധാന തോടുകള്‍ചേരുന്ന തുരുത്തിയില്‍ താഴഭാഗത്ത് വി.സി.ബി. നിര്‍മാണം, പീറ്റക്കണ്ടി വി.സി.ബി. പുതുക്കിപ്പണിയല്‍, പാടശേഖരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലം സംഭരിക്കുന്നതിനുവേണ്ടി ചെറുകുളങ്ങളുടെ നിര്‍മാണം എന്നീപ്രവൃത്തികളും പദ്ധതിയുടെ ഭാഗമായുണ്ട്.

ഹരിത കേരളം, സുഭിക്ഷ കേരളം എന്നീ പദ്ധതികളുടെ ഭാഗമായി വെളിയണ്ണൂര്‍ ചല്ലി സംയോജിത കൃഷി വികസനത്തിന് അനുയോജ്യമാണെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പഠനത്തില്‍ ബോധ്യമായിട്ടുണ്ട്. ചല്ലിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നെല്‍കൃഷി, ഔഷധ സസ്യകൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലികൃഷി, താറാവ് വളര്‍ത്തല്‍ എന്നിവയും വെളളക്കെട്ട് കൂടുതലുളള പുഴയുടെ ഭാഗത്ത് ബോട്ടിംഗ് ടുറിസം എന്നിവയും നടത്താനും പദ്ധതിയുണ്ട്.

മഴക്കാലത്തും വേനല്‍ക്കാലത്തും വെളളക്കെട്ടും, ഉയര്‍ന്ന ചില ഭാഗങ്ങളില്‍ ജല ദൗര്‍ലഭ്യവും നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ചല്ലിയിലുണ്ട്. കനാല്‍ ചോര്‍ച്ച നിമിത്തമാണ് വേനലിലും ചല്ലിയില്‍ വെളളക്കെട്ടുയരാന്‍ ഇടയാകുന്നത്.