ഈ റോഡെവിടെയാ? അയനിക്കാട് കുറ്റിയില്‍പ്പീടിക ഭാഗത്ത് ദേശീയപാതയിലൂടെ ‘നീന്തി നീങ്ങി’ വാഹനങ്ങള്‍- വീഡിയോ കാണാം


പയ്യോളി: ഒരു ദിവസം ശക്തമായി ഒന്നുരണ്ട് മഴ പെയ്തപ്പോള്‍ തന്നെ വെള്ളത്തിലായി ദേശീയപാതയുടെ ഭാഗമായ സര്‍വ്വീസ് റോഡ്. അയനിക്കാട് കുറ്റിയില്‍പ്പീടിക ഭാഗത്ത് സര്‍വ്വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് വെളളത്തിലൂടെയാണ്. ചെറുവാഹനങ്ങളാണ് ഇതുവഴി കടന്നുപോകാന്‍ പ്രയാസപ്പെടുന്നത്.

വെള്ളക്കെട്ട് കാരണം റോഡ് കാണാന്‍ സാധിക്കാത്തതിനാല്‍ റോഡില്‍ കുഴിയോ മറ്റോ ഉണ്ടെങ്കില്‍ ചെറുവാഹനങ്ങള്‍ അതില്‍പ്പെട്ട് അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. കൂടാതെ റോഡരികിലെ ഡ്രെയ്‌നേജ് പലയിടത്തും പൊളിഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഇത് ശ്രദ്ധിക്കാനും കഴിയില്ല. വാഹനങ്ങള്‍ അരികുചേര്‍ന്ന് പോകുന്നത് ഇത്തരം കുഴികളില്‍ വീഴാനിടയാക്കും.

ഇന്നലെ മുതല്‍ ശക്തമായ മഴയാണ് കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ടായത്. രാത്രി മഴ കനത്തതോടെ ദേശീയപാതയില്‍ ഇക്കഴിഞ്ഞ മഴക്കാലത്തെ ഓര്‍മ്മിപ്പിക്കുംവിധമായി പലയിടങ്ങളിലെയും വെള്ളക്കെട്ട്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളുമാണ് വെള്ളക്കെട്ട് കാരണം ഏറെ പ്രയാസത്തിലാവുന്നത്.