”തക്കാളി വില കുതിച്ചുയര്‍ന്നതോടെ പച്ചക്കറികളുടെ ഭാഗത്തേ ആരും നോക്കാതെയായി” വിലക്കയറ്റം കച്ചവടത്തെ ബാധിച്ചെന്ന് കൊയിലാണ്ടിയിലെ കച്ചവടക്കാര്‍


കൊയിലാണ്ടി: തക്കാളി വില കുതിച്ചുയര്‍ന്നത് പച്ചക്കറി കച്ചവടത്തെ തന്നെ ആകെ ബാധിച്ചിട്ടുണ്ടെന്ന് പറയുകയാണ് കൊയിലാണ്ടിയിലെ കച്ചവടക്കാര്‍. സാധാരണക്കാര്‍ പച്ചക്കറി കടയില്‍ എത്തിയാല്‍ ആദ്യം വാങ്ങുന്നത് തക്കാളിയാണ്, അതിന് വില ഉയര്‍ന്നതോടെ മറ്റു പച്ചക്കറികള്‍ക്കുപോലും ആവശ്യക്കാര്‍ ഇല്ലാതെയായെന്ന് കൊയിലാണ്ടി മാര്‍ക്കറ്റിലെ കച്ചവടക്കാരനായ ശശി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കൊയിലാണ്ടിയില്‍ 95 രൂപവരെ എത്തിയിരുന്നു തക്കാളിയുടെ വില. ഇത് 80 ആയി കുറഞ്ഞിട്ടുണ്ട്. നേരത്തെ രണ്ടര കിലോ 25 തോതിലൊക്കെ വിറ്റിരുന്ന ഇടത്താണിത്. ഒരു കിലോ തക്കാളി വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ കാല്‍ കിലോ ഒക്കെയാണ് വാങ്ങുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.

തക്കാളിയെപ്പോലെ തന്നെ ഏറെ ആവശ്യക്കാറുള്ള പച്ചമുളകിന്റെ സ്ഥിതിയും ഇതുതന്നെയാണ്. ഉണ്ട പച്ചമുളകിന് 95 രൂപയൊക്കെയാണ് ഹോള്‍സെയില്‍വില. നീണ്ട പച്ചമുളകിനും 85, 90 രൂപയുണ്ട്. വില താഴ്ന്നിരുന്ന ഉള്ളിയ്ക്കും കഴിഞ്ഞ ദിവസങ്ങളില്‍ വില കൂടിയിട്ടുണ്ട്. ഇരുപത്തിയാറ് രൂപയാണ് ഉള്ളിയ്ക്ക് ഹോള്‍സെയില്‍ വില. ചെറിയുള്ളിയ്ക്കും വെളുത്തുള്ളിയ്ക്കും യഥാക്രമം 120, 130 രൂപയാണ് നിലവിലെ വില.

സാധാരണ തോതില്‍ വിലക്കയറ്റം അധികം ബാധിക്കാത്ത ഇഞ്ചിയ്ക്കും ചേനയ്ക്കുംവരെ വില ഉയര്‍ന്നു. കിലോ 120 തോതിലാണ് ഇഞ്ചിയുടെ വില. വയനാട്ടില്‍ ആവശ്യത്തിന് സാധനങ്ങള്‍ ഇല്ലാത്തതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

മറ്റുപച്ചക്കറികള്‍ക്കെല്ലാം വില വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍ സാധാരണക്കാര്‍ സ്ഥിരമായി വാങ്ങുന്ന തക്കാളിയ്ക്കും പച്ചമുളകിനും ഉള്ളിയ്ക്കുമെല്ലാം വില ഉയര്‍ന്നത് മൊത്തത്തില്‍ പച്ചക്കറി വിപണിയെ തന്നെ ബാധിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നാണ് തക്കാളി കേരളത്തിലേക്ക് എത്തുന്നത്. അവിടെ മഴ കാരണം കൃഷി നശിച്ചതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്.