75% സബ്‌സിഡിയില്‍ ചട്ടിയില്‍ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും; പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി


മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നൂതന ജനകീയാസൂത്രണ പദ്ധതിയായ ‘പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ നിര്‍വഹിച്ചു. മേപ്പയ്യൂര്‍ കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് സ്ഥിരം വികസനകാര്യ ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷനായിരുന്നു.

ഗവണ്‍മെന്റ് അംഗീകൃത എച്ച്.ഡി.പി.ഇ ചട്ടിയില്‍ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും 75% സബ്‌സിഡിയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. 483 ഓളം ഗുണഭോക്താക്കള്‍ ഉള്ള പദ്ധതിയില്‍ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.

4369 ചട്ടികളില്‍ വളവും ഹൈബ്രിഡ് പച്ചക്കറി തൈകളും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. കാര്‍ഷിക കര്‍മ്മസേന വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി ഓഫീസര്‍ ആര്‍.എ അപര്‍ണ പദ്ധതി വിശദീകരണം നടത്തി.

വാര്‍ഡ് മെമ്പര്‍ പി.പ്രശാന്ത്, കാര്‍ഷിക കര്‍മ്മസേന പ്രസിഡന്റ് കെ.കെ കുഞ്ഞിരാമന്‍, സെക്രട്ടറി കുഞ്ഞിരാമന്‍ കിടാവ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.സത്യന്‍, ബാബു കൊളക്കണ്ടി കൃഷി അസിസ്റ്റന്റ് എസ്.സുഷേണന്‍.എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍.കെ ഹരികുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.എസ് സ്‌നേഹ നന്ദി പറഞ്ഞു. മേപ്പയൂര്‍ കാര്‍ഷിക കര്‍മ്മസേന ഗുണഭോക്താക്കളെ അറിയിക്കുന്ന മുറയ്ക്ക് ചട്ടികള്‍ കൃഷിഭവനില്‍ നിന്നും കൈപ്പറ്റണം.