സ്വാതന്ത്ര്യ സമര സേനാനി വണ്ണാംകണ്ടി അച്യുതൻ വൈദ്യർക്ക് സ്മാരകം നിർമ്മിക്കണം; വീരവഞ്ചേരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ നിവേദനം നൽകി
കൊയിലാണ്ടി: സ്വാതന്ത്ര്യ സമര സേനാനി വണ്ണാംകണ്ടി അച്യുതൻ വൈദ്യർക്ക് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന് നിവേദനം സമർപ്പിച്ചു.
കിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട കീഴരിയൂർ ബോംബ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച അച്യുതൻ വൈദ്യരുടെ വീട് കുട്ടികൾ സന്ദർശിച്ചിരുന്നു. ഇങ്ങനെ ഒരു സ്വാതന്ത്ര്യ സമര സേനാനി ഇവിടെ ജീവിച്ചിരുന്നു എന്ന അറിവ് നാട്ടുകാർക്ക് പോലും അജ്ഞാതമായിരുന്നു എന്ന് ബന്ധുക്കൾ ഏറെ ദുഖത്തോടെ കുട്ടികളോട് പറഞ്ഞിരുന്നു.
മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും അദ്ദേഹത്തിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്. ഇനി വരുന്ന തലമുറയെങ്കിലും ഇങ്ങനെയൊരു ദേശാഭിമാനിയുടെ നാട്ടുകാരാണ് തങ്ങൾ എന്ന് ഓർക്കാനുതകും വിധം നല്ലൊരു സ്മാരകം അദ്ദേഹത്തിനായി പണിയണം എന്നാണ് കുട്ടികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.