”സ്വന്തമായി ഒരു ബോട്ട്, അതില്‍ മീന്‍ പിടിച്ച് കൊണ്ടുവരണം” ഇരുപത് വര്‍ഷക്കാലമായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്നം, യാഥാര്‍ത്ഥ്യമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എല്ലാം നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ വടകര സ്വദേശി അഫ്‌സല്‍
വടകര: ”ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ട് ഇരുപത് വര്‍ഷം പിറകില്‍ നില്‍ക്കുന്ന അവസ്ഥ” അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു കഴിഞ്ഞദിവസം വടകര സ്വദേശി അഫ്‌സലിന്റെ സ്ഥിതി. സ്വന്തമായി ഒരു ബോട്ട്, അതില്‍ മീന്‍ പിടിച്ച് കൊണ്ടുവരണം കടലില്‍ പണിക്ക് പോകാന്‍ തുടങ്ങിയ കാലം മുതല്‍ മനസിലുണ്ടായിരുന്ന സ്വപ്‌നമായിരുന്നു അതെന്ന് അഫ്‌സല്‍ പറയുന്നു. വടകര മുകച്ചേരി ബീച്ചില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞത് അഫ്‌സലിന്റെ ആ സ്വപ്‌നവും അതിനുവേണ്ടി അതുവരെ നടത്തിയ അധ്വാനവുമായിരുന്നു.
മുപ്പത് വര്‍ഷത്തോളമായി ഉപ്പ മരിച്ചിട്ട്. ഉമ്മയും സഹോദരിയും അനുജനും അടങ്ങുന്നതാണ് കുടുംബം. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ കണ്ടപ്പോള്‍ പഠനം പോലും ഉപേക്ഷിച്ച് പതിമൂന്നാം വയസില്‍ കടലില്‍ പോകാന്‍ തുടങ്ങിയതാണ് അഫ്‌സല്‍. അന്ന് മുതല്‍ മനസിലുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ബോട്ട് വാങ്ങണമെന്നതെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഇതുവരെ പണിയെടുത്തതില്‍ നിന്ന് മറ്റ് ചെലവുകള്‍ കഴിച്ച് ചെറിയൊരു തുക മാറ്റിവെക്കും. ഇടയ്ക്ക് ഇതേ ആഗ്രഹം മനസിലുണ്ടായിരുന്ന സുഹൃത്ത് സഫ്‌വാനും സ്വപ്‌നത്തിലേക്കുള്ള യാത്രയില്‍ ഒപ്പം കൂടി. ”കൊപ്രപ്പണിയായിരുന്നു അവന്. പണിയെടുത്ത് കിട്ടുന്നതില്‍ നിന്ന് കുറച്ചുതുക അവനും മാറ്റിവെക്കുമായിരുന്നു.” അദ്ദേഹം ഓര്‍ക്കുന്നു.
”ഇതുവരെ കരുതിവെച്ചതും കടംവാങ്ങിയതുമെല്ലാം ചേര്‍ത്ത് ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കി ഒരു മാസം മുമ്പ് പഴയൊരു ബോട്ട് സ്വന്തമാക്കിയപ്പോള്‍ വല്ലാത്തൊരു സന്തോഷമായിരുന്നു മനസില്‍. അതിനെ കടലിലിറക്കാനുള്ള പണികള്‍ക്ക് പിറകേയായിരുന്നു കഴിഞ്ഞ ഒരുമാസമായി. പെയിന്റടിച്ച് അറ്റകുറ്റപ്പണി നടത്തി എല്ലാം സെറ്റാക്കി. വലിയൊരു ആശ്വാസത്തോടെ ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതാണ്. പുലര്‍ച്ചെയോടെ കടപ്പുറത്ത് നിന്നും വന്ന ഒരു സുഹൃത്ത് വാതില്‍മുട്ടി വിളിച്ചപ്പോഴാണ് ഉറക്കം ഞെട്ടിയത്. വിവരം അറിഞ്ഞപ്പോള്‍ ഓടി കടപ്പുറത്തെത്തി.”
” ബീച്ചിലെത്തിയപ്പോള്‍ എന്റെ ബോട്ട് അവിടെ ഉണ്ടായിരുന്നില്ല. ആദ്യം കരുതിയത് എവിടേക്ക് ഒഴുകിപ്പോയതായിരിക്കുമെന്നാണ്. പിന്നെയാണ് ബോട്ടിന്റെ ചില ഭാഗങ്ങള്‍ കരയ്ക്കടിയാന്‍ തുടങ്ങിയത്. കടല് കയറിയ സമയത്ത് ആറോളം ബോട്ടുകള്‍ കരയിലുണ്ടായിരുന്നു. മൂന്നുബോട്ടുകള്‍ ബീച്ചിലുണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് സുരക്ഷിതമായി മാറ്റി. അതിനിടയില്‍ മറ്റ് മൂന്നെണ്ണം കടലെടുക്കുകയായിരുന്നു.”
” എന്റെ ബോട്ടാണ് ആദ്യം കൊണ്ടുപോയതെന്നാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. ‘ബോട്ട് മണലില്‍ പുതഞ്ഞ് കിടക്കുകയാവുമെന്നൊക്കെയാണ്’ ആദ്യം പലരും കരുതിയത്. പിന്നീടാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. രണ്ട് ബോട്ടുകള്‍ ആകെ തകര്‍ന്നിരുന്നു. ഞാനെത്തുമ്പോള്‍ മൂന്നാമത്തെ ബോട്ട് പാതി തകര്‍ന്ന് കടലില്‍ തന്നെയുണ്ട്.” അഫ്‌സല്‍ വിവരിക്കുന്നു.
സര്‍ക്കാറില്‍ മാത്രമാണ് ഇനി തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം എം.എല്‍.എ കെ.കെ.രമ സ്ഥലം സന്ദര്‍ശിച്ചിരുന്നു. വേണ്ട സഹായം ചെയ്യാമെന്നാണ് പറഞ്ഞത്. ആ വാക്ക് വിശ്വസിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.