സാംസ്‌ക്കാരിക ഘോഷയാത്ര, 250 ല്‍പരം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കലാവിരുന്ന്; വാല്യക്കോട് എ.യു.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം


പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം. സമാപന ചടങ്ങില്‍ യാത്രയയപ്പ് സമ്മേളനവും പുതുതായി നിര്‍മ്മിച്ച ലാബ്, ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു. സിനിമതാരം മറിമായം ഫെയിം ഉണ്ണിരാജ് മുഖ്യതിഥിയായി. പരിപാടിയുടെ ഭാഗമായി സാംസ്‌കാരികഘോഷയാത്ര, സാംസ്‌കാരികസമ്മേളനം, അംഗന്‍വാടി ഫെസ്റ്റ്, ഷൈന്‍ നഴ്‌സറി ഫെസ്റ്റ്, വാല്യക്കോട് എ യു പി സ്‌കൂളിലെ 250 ല്‍ പരം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കലാവിരുന്നും അരങ്ങേറി.

പരിപാടിയില്‍ എസ്. എസ്. എല്‍. സി ഫുള്‍ എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, എല്‍.എസ്.എസ്, യൂഎസ്എസ് വിജയികള്‍ പിടിഎ എന്‍ഡോവ്‌മെന്റ് ജേതാക്കള്‍ക്കള്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വാല്യക്കോട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍, അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടന്നു.

ഹെഡ് മിസ്ട്രസ് എ.കെ സുബൈദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കെ.സുഹറ മറുപടി പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു അമ്പാളി, എ ഇ ഒ പ്രമോദ് കെ.വി, വി പി നിത, സുരേഷ് ക്ലാരിയില്‍, വി വി ദിനേശന്‍, കെ .എം മുഹമ്മദ്, പ്രദീപ് പ്രണവം, പി.സുകുമാരന്‍, വി.കെ ദിവ്യ, സി. ബാബുരാജ്, കെ.സി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സലിം മിലാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.