ശൈലജ ടീച്ചര്‍ക്ക് വടകരയുടെ പെണ്‍കരുത്തിന്റെ പിന്തുണ; കോട്ടപ്പറമ്പില്‍ നിന്ന് തുടങ്ങിയ വനിതാ സംഗമത്തില്‍ അണിനിരന്നത് പതിനയ്യായിരത്തോളം സ്ത്രീകള്‍


വടകര: വൈകിട്ട് ആറോടെ വടകര കോട്ടപ്പറമ്പും പഴയ ബസ് സ്റ്റാന്റ് പരിസരവും സ്ത്രീകളെക്കൊണ്ട് നിറഞ്ഞു. പിന്നെയും പല ഭാഗത്തുനിന്നായി പ്രായമായവരും യുവതികളും അടക്കം വടകരയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍ വിളിച്ച ഓരോ മുദ്രാവാക്യങ്ങളും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടിയുള്ളതായിരുന്നു.

കരുതലിന്റെ സ്‌നേഹ സ്പര്‍ശം, ആരോഗ്യമേഖലയില്‍ കേരള മോഡലിന് കരുത്ത് പകര്‍ന്ന ഭരണാധികാരി, നിപയിലും കോവിഡിലിനും ഒരു ജനതയെ ചേര്‍ത്തു പിടിച്ച ജനകീയ നേതാവ് കെ.കെ.ശൈലജയ്ക്ക് വടകര മണ്ഡലത്തിലെ സ്ത്രീകള്‍ നല്‍കിയ വരവേല്‍പ്പ് പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന മഹാസംഗമമായി.

കേരളത്തിന്റെ അഭിമാനത്തെ സൈബര്‍ ആക്രമണങ്ങളാല്‍ തകര്‍ക്കാനാവില്ലെന്ന് അവിടെക്കൂടിയ സ്ത്രീകള്‍ അടിവരയിട്ടു. രാത്രി ഏഴോടെ കോട്ടപ്പറമ്പില്‍ നിന്നും ആരംഭിച്ച റാലി പതിയ്യായിരത്തോളം സ്ത്രീകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ടീച്ചര്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള ടീഷര്‍ട്ടണിഞ്ഞും പ്ലക്കാര്‍ഡും കട്ടൗട്ടും ഉയര്‍ത്തിയും അവര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണയറിയിച്ചു.

നാരായണ നഗറിലേക്ക് നീങ്ങിയ റാലിയുടെ മുന്‍നിരയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ശ്രീമതിയും മുന്‍നിരയിലുണ്ടായിരുന്നു. നാരായണ നഗറില്‍ചേര്‍ന്ന പൊതുയോഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. നാരായണ നഗരം സ്റ്റേഡിയത്തില്‍ നടന്ന സമാപന പരിപാടിയില്‍ ഒ.പി.ഷീജ അധ്യക്ഷയായി. സ്ഥാനാര്‍ഥി കെ.കെ.ശൈലജ, പി.കെ.ശ്രീമതി, കെ.കെ.ലതിക, കാനത്തില്‍ ജമീല എം.എല്‍.എ, ഇ.എസ്.ബിജിമോള്‍, അജിത കുന്നത്ത്, അഡ്വ. ബിനിഷ, ഖദീജ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.പുഷ്പ സ്വാഗതം പറഞ്ഞു. കലാമണ്ഡലം ഐശ്വര്യയുടെ ‘നിറയെ ചുവന്ന പൂക്കള്‍’ എന്ന നൃത്ത കലാരൂപം അരങ്ങേറി.