‘പേടിച്ചിട്ടാണ് കീഴടങ്ങാതിരുന്നത്’; ചോറോട് വാഹനാപകടക്കേസിലെ പ്രതി വടകര പോലീസിന്റെ കസ്റ്റഡിയിൽ, പിടിയിലാകുന്നത് സംഭവം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ
വടകര: ചോറോട് ഒമ്പതു വയസുകാരിയെ കാറിടിപ്പിച്ച് കോമയിലാക്കിയ കേസിൽ പ്രതി വടകര പോലിസിന്റെ കസ്റ്റഡിയിൽ. പുറമേരി സ്വദേശി ഷജീലിനെയാണ് അന്വേഷണ സംഘം കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പേടിച്ചിട്ടാണ് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ കീഴടങ്ങാതിരുന്നതെന്ന് ഷജീൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലർച്ചെ വിദേശത്ത് നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ ഷജീലിനെ വിമാനത്താവള ഉദ്യോഗസ്ഥർ തടഞ്ഞ് വയ്ക്കുകയായിരുന്നു. ഇയാൾക്കെതിരെ മാസങ്ങൾക്ക് മുൻപ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഷജീൽ പിടിയിലാകുന്നത്.
ഫെബ്രുവരി 17നാണ് ദേശീയ പാതയിൽ ചോറോട് അപകടം നടക്കുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് ഒമ്പതുവയസുകാരി ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്തിരുന്നു. അപകട ശേഷം വാഹനം നിർത്താതെ കടന്നുകളയുകയായിരുന്നു ഷജീൽ. ഇൻഷുറൻസ് ക്ലെയിം ചെയ്തതോടെയാണ് ഷെജീൽ കുരുക്കിലാകുന്നത്. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി ഇയാൾ കാറിൽ രൂപമാറ്റം വരുത്തിയിരുന്നു. പിന്നീട് ഇയാൾ വിദേശത്ത് ജോലിക്കായി പോവുകയായിരുന്നു.