ലൈഫ് പദ്ധതിക്ക് ഒരു കോടി രൂപ, അകലാപ്പുഴയും ഉരുപുണ്യകാവ് ബീച്ചുമൊക്കെ ചേര്‍ത്ത് ഇക്കോ ടൂറിസം പദ്ധതി; മൂടാടി ഗ്രാമപഞ്ചായത്ത് 2024-25 ബഡ്ജറ്റ് വിശദാംശങ്ങള്‍ അറിയാം


മൂടാടി: ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതി ഗുണഭോക്ത്യാക്കള്‍ക്ക് വീട് നല്കാന്‍ ഒരു കോടി രൂപ വകയിരുത്തി. വര്‍ഷങ്ങളായി തരിശായി കിടക്കുന്ന ചാക്കര പാടശേഖരം കൃഷി യോഗ്യമാക്കാന്‍ ഹരിത കേരള മിഷന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ജില്ലാ പഞ്ചായത്ത് എന്നിവയുമായി യോജിച്ച് പദ്ധതി നടപ്പാക്കാനും തീരുമാനമായി. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി.

അകലാപ്പുഴ, കോടയില്‍ കാവ് കുളം, വാഴയില്‍ പാതാളം, ഉരുപുണ്യകാവ് ബീച്ച്, കടലൂര്‍ ലൈറ്റ് ഹൗസ്, മുത്തായം വളയില്‍ കോടിക്കല്‍ ബീച്ചുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കും. പ്രാഥമിക പ്രവര്‍ത്തങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപ മാറ്റിവെച്ചു.

കാര്‍ഷിക മത്സ്യബന്ധന മേഖലയില്‍ 7176400 രൂപയുടെയും മാലിന്യസംസ്‌കരണം മറ്റ് സേവന മേഖലകളില്‍ 19900000 രൂപയുടെ പദ്ധതികളും നടപ്പാക്കും. റോഡ് നിര്‍മ്മാണത്തിന് 15200000 രൂപ മെയിന്റനന്‍സ് ഫണ്ടും 9000000 രൂപ വികസന ഫണ്ടും 9000000 രൂപ എം.ജി.എന്‍.ആര്‍.ഇ.ജി ഫണ്ടും ഉപയോഗിക്കും.

തെരുവ് വിളക്ക് സ്ഥാപിക്കാനും പരിപാലിക്കാനുമായി 16000000 രൂപയും വകയിരുത്തിയിട്ടുണ്ട്. ഹോമിയോ മൃഗാശുപത്രികള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കും. വനിതാ എംപ്ലോയബിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ 32 ലക്ഷം രൂപയും വകയിരുത്തി.

ആകെ 421480000 വരവും 420653100 ചെലവും 15544240 വകയിരുപ്പുമുളള ബജറ്റാണ് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അവതരിപ്പിച്ചത്. പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിത അധ്യക്ഷന്‍മാരായ എം.കെ.മോഹനന്‍, ടി.കെ.ഭാസ്‌കരന്‍, എം.പി.അഖില, മെമ്പര്‍മാരായ പപ്പന്‍ മൂടാടി, പി.പി.കരീം, റഫീഖ് പുത്തലത്ത്, കെ.പി.ലത, വി.കെ.രവീന്ദ്രന്‍, സുനിത.സി.എം, സുമതി.കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ഗിരീഷ് നന്ദി പറഞ്ഞു.