ഒരു നാടിന്റെ ക്ഷമ നശിപ്പിച്ച് ലഹരി; കൊയിലാണ്ടി സ്വദേശി ആഷിക്കിന്റെ രചനയിൽ വിരിയുന്ന ‘ഉപ്പാന്റെ മക്കള്‍’ എന്ന ഹ്രസ്വ ചിത്രം ഇന്ന് പുറത്തിറങ്ങുന്നു


ലഹരി ഉപയോഗം ഒരു നാടിന്റെ ക്ഷമ നശിപ്പിക്കുന്ന കഥ പറയുന്ന ‘ഉപ്പാന്റെ മക്കള്‍’ എന്ന ഹ്രസ്വ ചിത്രം ഇന്ന് പുറത്തിറങ്ങുന്നു. കൊയിലാണ്ടി സ്വദേശിയായ ആഷിക് മാടാക്കരയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

”നമ്മുടെ യുവ തലമുറയെ വഴിതെറ്റിച്ച്, അവരുടെയും മറ്റു കുടുംബങ്ങളെയും ഇല്ലാതാക്കി നമ്മുടെ നാട്ടില്‍ പടര്‍ന്ന് പന്തലിച്ച് കയറുകയാണ് ലഹരി. വലിയൊരു സംഘം തന്നെ പ്രായ ഭേദം ഇല്ലാതെ ഇതുപോലുള്ള വലിയ തെറ്റുകളിലേക്ക് നമ്മെ വലിച്ചിടാന്‍ കെണികള്‍ ഒരുക്കി നമ്മുടെ ചുറ്റിലും ഇപ്പോഴും സജീവമായി നില്‍പ്പുണ്ട്.
ലഹരി ഉപയോഗം കാരണം ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു നാടിന്റെതന്നെ ക്ഷമയും സമാധാനവും പരീക്ഷിച്ച ഒരാളുടെ കഥയാണിത്” ചിത്രത്തെക്കുറിച്ച് ആഷിക് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ബിനീഷ് വെങ്ങാലിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉഷ, അനുശ്രീ സജീവന്‍, അനുശ്രീ, വലീദ്, സത്യന്‍, റിഷാന്‍, ശിവന്യ, അബാദി നാസര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

റാബിന്‍ മീഡിയയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഖാലിദ് കുറ്റ്യാടി (എഡിറ്റിങ്), ശ്രീകുമാര്‍ പുത്തലത്ത്, ശിവപ്രസാദ് (അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍), നാസര്‍ പൊയില്‍ക്കാവ് (സൗണ്ട്) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മത്സ്യത്തൊഴിലാളിയായ ആഷിക് ഒരുക്കിയ ‘അണ്ണാ’ എന്ന തമിഴ് ഹ്രസ്വ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ആഷിക്കും സുഹൃത്തും ചേര്‍ന്നായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. പുതിയ ചിത്രവും ആഷിക്കും സുഹൃത്തുക്കളുമെല്ലാം ഉള്‍പ്പെട്ട കൂട്ടായ്മയാണ് നിര്‍മ്മിച്ചിരിക്കുന്നത്. തികഞ്ഞ മിമിക്രി കലാകാരന്‍ കൂടിയാണ് ആഷിക്.