രണ്ടുലക്ഷം രൂപവരെ ഈടില്ലാതെ വായ്പ; ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള ഈട് രഹിത വായ്പാ പരിധി റിസർവ് ബാങ്ക് ഉയര്‍ത്തി


ന്യൂഡല്‍ഹി: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള ഈട് രഹിത വായ്പാ പരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തി. 1.6 ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായാണ് വായ്പ പരിധി ഉയര്‍ത്തിയത്. വര്‍ധിച്ചുവരുന്ന കാര്‍ഷിക ചെലവുകളും പണപ്പെരുപ്പവും കണക്കിലെടുത്താണ് വായ്പാ പരിധി ഉയര്‍ത്തിയത്. ഈ നടപടി ചെറുകിട നാമമാത്ര ഭൂവുടമകളായ 86 ശതമാനം കര്‍ഷകര്‍ക്കും കാര്യമായ പ്രയോജനം ചെയ്യും. ഈ നീക്കം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വായ്പകളിലേക്കുള്ള പ്രവേശനം സുഗമമാക്കും. പുതിയ നയം അനുസരിച്ച്, കര്‍ഷകര്‍ക്ക് അനുബന്ധ മേഖലകളുള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈടിലോ മാര്‍ജിന്‍ ആവശ്യകതകളോ ഇല്ലാതെ വായ്പ ലഭിക്കും.

പുതുവര്‍ഷ ദിനം മുതല്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ഈടില്ലാതെ നല്‍കുന്ന സുരക്ഷിതമല്ലാത്ത വിഭാഗത്തില്‍പ്പെടുന്ന കാര്‍ഷിക വായ്പകളുടെ പരിധി 2019-ല്‍ ആണ് റിസര്‍വ് ബാങ്ക് അവസാനമായി പുതുക്കിയത്. അന്ന് ഒരു ലക്ഷത്തില്‍ നിന്ന് 1.6 ലക്ഷമായാണ് പരിധി കൂട്ടിയത്.

ഈടില്ലാത്ത വായ്പ ആയതുകൊണ്ടുതന്നെ ആസ്തികള്‍ ഈടായി നല്‍കേണ്ട ബാധ്യത കര്‍ഷകര്‍ക്ക് ഉണ്ടാകില്ല. കടമെടുക്കല്‍ ചെലവ് കുറയ്ക്കുന്നതിനും കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപം എളുപ്പമാക്കുന്നതിനും ഉല്‍പ്പാദനക്ഷമതയും ഉപജീവനമാര്‍ഗവും വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) എന്നിവയുമായി സഹകരിച്ച് 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആരംഭിച്ചത്.

Summary: Unsecured loan up to Rs.2 lakh; Collateral-free credit limit for small marginal farmers raised