നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നെല്യാടി റോഡിലെ അടിപ്പാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു


കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഗതാഗതക്കുരുക്ക് അഴിക്കാനായി എത്തുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കൊല്ലം-നെല്യാടി റോഡില്‍ നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കൊല്ലം റെയില്‍വേ ഗെയിറ്റ് കഴിഞ്ഞ് ഒരു കിലോമീറ്ററോളം അകലെ വിയ്യൂര്‍ ഭാഗത്തു കൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്.

 

15 മീറ്റര്‍ വീതിയുള്ള അടിപ്പാതയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രാരംഭ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. അതിവേഗമാണ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

 

ആനക്കുളം-മുചുകുന്ന് റോഡിലും ബൈപ്പാസിനായി അടിപ്പാത നിര്‍മ്മിക്കുന്നുണ്ട്. ചെറിയ പാലമാണ് ഇവിടെ നിര്‍മ്മിക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന്റെ നിര്‍മ്മാണം ഇതുവരെ തുടങ്ങിയിട്ടില്ല.

നേരത്തേ തയാറാക്കിയ ബൈപാസ് പദ്ധതിയില്‍ മുചുകുന്ന് റോഡില്‍ പാലം ഉള്‍പ്പെടുത്തിയിരുന്നില്ല. മുചുകുന്ന് റോഡിന് അടിപ്പാത ഇല്ലെങ്കില്‍ ഇവിടെ രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കാണിച്ച് നാട്ടുകാര്‍ നടത്തിയ സമരത്തിനൊടുവിലാണ് അധികൃതര്‍ പാലം പണിയാമെന്ന് സമ്മതിച്ചത്.

 

ബൈപ്പാസില്‍ നന്തി ബസാറിലും 24 മീറ്റര്‍ വീതിയുള്ള അടിപ്പാതയുണ്ടാകും. കൂടാതെ കൊയിലാണ്ടി-മുത്താമ്പി റോഡ്, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിലും ബൈപ്പാസിന് അടിപ്പാതയുണ്ട്. എന്നാല്‍ കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ ബൈപ്പാസിനായി 23 മീറ്ററില്‍ ഓവര്‍പാസാണ് നിര്‍മ്മിക്കുക. ഇവിടെ സംസ്ഥാന പാതയ്ക്ക് അടിയിലൂടെയാകും ദേശീയപാതാ ബൈപ്പാസ് കടന്നുപോകുക.

[bot1]

 

നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ 11 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ് നിര്‍മ്മിക്കുന്നത്. വെങ്ങളം മുതല്‍ അഴിയൂര്‍ വരെ ദേശീയപാത 45 മീറ്ററില്‍ ആറുവരിയായി വികസിപ്പിക്കുന്നതിന് അദാനി എന്റര്‍പ്രൈസസാണ് കരാറെടുത്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ് ഉപകരാര്‍ നല്‍കിയ വാഗാഡിനാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ ചുമതല.