ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്.
പ്രതിപക്ഷ നേതാവ് രത്‌നവല്ലി ടീച്ചറാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ വിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍ നിലപാട് വ്യക്തമാക്കി. ഇതോടെയാണ് മുദ്രാവാക്യം മുഴക്കി യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോയ അംഗങ്ങള്‍ നഗരസഭാ കവാടത്തില്‍ ധര്‍ണ്ണ നടത്തി.
പ്രതിപക്ഷ നേതാവ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വി.പി.ഇബ്രാഹിംകുട്ടി അധ്യക്ഷനായി. കെ.എം.നജീബ്, മനോജ് പയറ്റുവളപ്പില്‍, എ.അസീസ്, വത്സരാജ് കേളോത്ത്, പി.പി.ഫാസില്‍, വി.വി.ഫക്രുദ്ധീന്‍, ഷീബ അരീക്കല്‍, ജിഷ പുതിയേടത്ത്, ഷൈലജ, കെ.എം.സുമതി, കെ.ടി.വി റഹ്മത്ത്, ദൃശ്യ എന്നിവര്‍ പ്രസംഗിച്ചു. ഓഡിറ്റില്‍ കണ്ടെത്തിയ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
ലക്ഷങ്ങളുടെ ക്രമക്കേടാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത് എന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. പുളിയഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കസേര വാങ്ങിയത്, പുളിയഞ്ചേരി കുളത്തില്‍ നിന്ന് മണല്‍ നീക്കിയത്, തുണിസഞ്ചി നിര്‍മ്മാണത്തിനായി തയ്യല്‍ മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങിയത് കുടിവെള്ള വിതരണം ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ എന്നിവയില്‍ ക്രമക്കേട് ഉണ്ടെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്.