ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആരോപണം; അവിവാഹിത, വിധവ ക്ഷേമ പെന്‍ഷന്‍ എണ്‍പതോളം പേര്‍ക്ക് മുടങ്ങിയെന്നാരോപിച്ച് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി യു.ഡി.എഫ് കൗണ്‍സിലര്‍മ്മാര്‍


Advertisement

കൊയിലാണ്ടി: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അവിവാഹിത, വിധവ ക്ഷേമ പെന്‍ഷന്‍ എണ്‍പതോളം പേര്‍ക്ക് മുടങ്ങിയെന്നാരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ നിന്നും യു.ഡി.എഫ് കൗണ്‍സിലര്‍മ്മാര്‍ ഇറങ്ങിപ്പോയി. നഗരസഭയില്‍ ഡാറ്റ എന്‍ട്രി പ്രവര്‍ത്തി ചെയ്യുന്നത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനാലാണ് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടതെന്ന് യു.ഡി.എഫ് ആരോപിച്ചു.

Advertisement

ഇപ്പോള്‍ ജനുവരി മാസത്തെ പെന്‍ഷന്‍ തുകയാണ് വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്തതെന്നും പെന്‍ഷന്‍ പുതുക്കുന്നതിനായി ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ കെ. സമാര്‍ട്ട് വഴി ഓരോ ഗുണഭോക്താവും സമയബന്ധിതമായി തന്നെ പ്രസ്തുത രേഖകള്‍ നഗരസഭയില്‍ ഹാജരാക്കിയിരുന്നെന്നും നഗരസഭാ ഉദ്യോഗസ്ഥരാണ് പ്രസ്തുത രേഖകള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സേവനാ പെന്‍ഷന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മ്മാര്‍ പറഞ്ഞു.

Advertisement

രേഖകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ നഗരസഭ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. പെട്ടെന്ന് രേഖകള്‍ അപ്ലോഡ് ചെയ്ത് പന്‍ഷന്‍ തുക തടസ്സമില്ലാതെ ലഭ്യമാക്കാന്‍ വേണ്ട നടപടി നഗരസഭ സ്വീകരിക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

പി. രത്‌നവല്ലി ടീച്ചര്‍, വി.പി. ഇബ്രാഹിം കുട്ടി, വത്സരാജ് കേളോത്ത് , നജീബ് കെ.എം, മനോജ് പയറ്റു വളപ്പില്‍, കെ.ടി.വി. റഹ്‌മത്ത്, പി. ജമാല്‍ മാസ്റ്റര്‍, വി.വി. ഫക്രുദീന്‍ മാസ്റ്റര്‍, ഷീബ അരിക്കല്‍, എ അസീസ് മാസ്റ്റര്‍ ,ശൈലജ ടി.പി, ദൃശ്യ. എം , ഫാസില്‍.പി.പി, ജിഷ പുതിയേടത്ത് , സുമതി കെ.എം.എന്നിവര്‍ പങ്കെടുത്തു.