ഇനി കൊയിലാണ്ടി ബസ് സ്റ്റാന്റിലും ചെലവഴിക്കാം നിങ്ങളുടെ മനോഹരമായ സായാഹ്നങ്ങള്‍; യു.എ.ഖാദര്‍ സാംസ്‌കാരിക പാര്‍ക്ക് ഇന്ന് തുറക്കും


കൊയിലാണ്ടി: കൊയിലാണ്ടിയുടെ സായന്തനങ്ങള്‍ മനോഹരമാക്കാന്‍ ഒരു വിശ്രമ കേന്ദ്രംകൂടി ഇന്ന് മുതല്‍ തുറക്കപ്പെടുകയാണ്. പന്തലായനിയുടെ കഥാകാരന്‍ യു.എ.ഖാദറിന്റെ പേരില്‍ ഒരു സാംസ്‌ക്കാരിക പാര്‍ക്ക് നഗരസഭയുടെ സ്‌നേഹാരാമം പദ്ധതിയിലാണ് ഒരുക്കിയിരിക്കുന്നത്. കൊയിലാണ്ടി ബസ്റ്റാന്റിനോടനുബന്ധിച്ചാണ് പാര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്.

വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കഥാകാരന്‍ കുട്ടിക്കാലം ചെലവഴിച്ച നഗരത്തിന്റെ വിവിധ പ്രദേശങ്ങളും ബപ്പന്‍കാട് റോഡുമെല്ലാം മേശവിളക്ക്, അഘോരശിവം അടക്കമുള്ള നോവലുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. പന്തലായനിയിലേക്കുള്ള യാത്രയിലെ പ്രധാന കേന്ദ്രമായ തണ്ടാന്‍ വയലിന്റെ ഒരു ഭാഗമാണ് ബസ്റ്റാന്റും പുതിയ പാര്‍ക്കും. പൗരാണിക രീതിയില്‍ ഓടുപാകിയ രണ്ട് കവാടവും പ്രത്യേക ലൈറ്റ് അറേഞ്ച് മെന്റുമെല്ലാം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. സാംസ്‌ക്കാരിക പരിപാടിക്കായുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.

200 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. പൊതു കാര്യങ്ങളില്‍ താല്‍പര്യമുള്ളസ്വകാര്യ വ്യക്തികളെ സ്‌പോണ്‍സര്‍മാരാക്കി കൊണ്ട് പൊതുഫണ്ടുകള്‍ ചെലവഴിക്കാതെയാണ് സ്‌നേഹാരാമങ്ങള്‍ ഒരുക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ടും വൈസ് ചെയര്‍മാന്‍ അഡ്വ കെ. സത്യനും പറഞ്ഞു. നഗരകേന്ദ്രത്തില്‍ മാത്രം ഇത്തരം പത്തോളം കേന്ദ്രങ്ങള്‍ ഒരുക്കും. നഗര ഹൃദയത്തില്‍ ബസ് സ്റ്റാന്റിനോടുനുബദ്ധിച്ച് ഒരുക്കിയ പാര്‍ക്ക് കൊയിലാണ്ടിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ബാലന്‍ അമ്പാടിയാണ് സ്‌പോണ്‍സര്‍ ചെയ്തത്.

Summary: UA Khader Cultural Park will be opened today in Koyilandy