പന്തീരങ്കാവില്‍ വന്‍ മയക്കുമരുന്ന് വേട്ട; ചരക്ക് ലോറിയിൽ നിന്ന് പിടിച്ചെടുത്തത് 400 ഗ്രാം എം.ഡി.എം.എ, രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍


കോഴിക്കോട്: പന്തീരങ്കാവില്‍ വന്‍ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവരികയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ ആണ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവില്‍ നിന്ന് എത്തിയ ചരക്ക് ലോറിയില്‍ നിന്നാണ് രാസലഹരി പദാര്‍ത്ഥമായ എം.ഡി.എം.എ പിടികൂടിയത്. 400 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. കൊണ്ടോട്ടി സ്വദേശി നൗഫല്‍, ഫറോക്ക് സ്വദേശി ജംഷീദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയിലാണ് മയക്കുമരുന്ന കടത്താന്‍ ശ്രമിച്ചത്. പന്തീരങ്കാവിന് സമീപം ബൈപ്പാസില്‍ വച്ചാണ് ലോറി പൊലീസ് പിടിച്ചത്. കോഴിക്കോടിന്റെ പല ഭാഗങ്ങളില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്ന എം.ഡി.എം.എയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.


ഇതുകൂടി വായിക്കൂ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് യുവാവ് പിടിയില്‍