കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; ഇരിങ്ങൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ


കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ശരീരത്തിലും മിക്സിയുടെ ഉള്ളിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാൽപ്പത് ലക്ഷത്തോളം രൂപ വിലമതിപ്പുള്ള സ്വർണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

സ്വര്‍ണം മിക്‌സിക്കകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഇരിങ്ങല്‍ സ്വദേശിയായ യുവാവാണ് പിടിയിലായവരിൽ ഒരാൾ. ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ദുബായില്‍ നിന്നും നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസിലാണ് എത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടുകയായിരുന്നു.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മഞ്ചേരി സ്വദേശിയും പിടിയിലായവരിൽ ഉൾപ്പെടുന്നു. ദുബായില്‍ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസില്‍ വന്ന ഇയാൾ 582 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. കള്ളക്കടത്തിനെ കുറിച്ച് കസ്റ്റംസ് അന്വേഷണവും തുടര്‍നടപടികളും പുരോഗമിച്ചുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അസിസ്റ്റന്‍റ് കമ്മീഷണര്‍ എം. സിനോയ് കെ. പ്രകാശ്, ഇന്‍പെക്ടര്‍മാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസല്‍, കപില്‍ദേവ് സുറിറ, ഹെഡ് ഹെവില്‍ദാര്‍ ഇ വി മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ചുള്ള സ്വര്‍ണ്ണക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് മാസത്തിനിടെ 19 കോടിയോളം രൂപ വില വരുന്ന 40 കിലോയോളം സ്വര്‍ണ്ണമാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പോലീസ് പിടികൂടിയത്.