വയനാട്ടില്‍ പന്ത്രണ്ടുകാരന്‍ പനി ബാധിച്ച് മരിച്ചു
സുല്‍ത്താന്‍ബത്തേരി: പനി ബാധിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസുകാരന്‍ മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ – ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.
പനിയെ തുടര്‍ന്ന് അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സതേടി മടങ്ങിയിരുന്നു. വീണ്ടും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം.
ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അഹനസ്. അമീന്‍ ഏകസഹോദരനാണ്.