‘അനർഹരെ ഒഴിപ്പിക്കണമെന്ന് ഉത്തരവിറങ്ങിയിട്ട് വർഷം ഒന്നാകുന്നു, ജീവിക്കാൻ നിവൃത്തിയില്ലാത്ത പാവങ്ങൾ പുറത്ത് കാത്തിരിപ്പാണ് ‘; സുനാമി പുനരധിവാസ ഭവനപദ്ധതി വീടുകൾ അർഹർക്ക് കൈമാറുന്നത് ഇനിയും കടലാസുകളിൽ തന്നെ



വേദ കാത്റിന്‍

കൊയിലാണ്ടി: ‘നടപടി ഉടനെയുണ്ടാകും, നോട്ടീസ് നൽകിയിട്ടുണ്ട്, അർഹർക്ക് തന്നെ വീട് ലഭിക്കും’ എന്നുള്ള പല്ലവി തിക്കോടിക്കാർ കേട്ട് തുടങ്ങിയിട്ട് നാളുകളേറെ ആയെങ്കിലും, ഇനിയും നടപടിയുണ്ടാവാതെ സുനാമി പുനരധിവാസ ഭവന പദ്ധതി. ജീവിതമായിരുന്ന കടൽ തന്നെ കരയിലെത്തി സംഹാരതാണ്ഡവമാടിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കതെ തകർന്നു പോയ ഒരു കൂട്ടം ജീവിതങ്ങളുണ്ടായിരുന്നു അവിടെ, ആ തിരമാല തിരികെ പോയപ്പോൾ കൊണ്ടുപോയത് അനേകം കുടുംബങ്ങളുടെ ഭാവിയും ഭവനങ്ങളുമായിരുന്നു.

എന്നാൽ നാളുകളേറെ കഴിഞ്ഞപ്പോൾ പ്രതീക്ഷയുടെ കിരണമായി അവർക്കു വന്ന സഹായമായിരുന്നു സുനാമി പുരധിവാസ പദ്ധതിയുടെ ഭാഗമായി തിക്കോടിക്കാർക്ക് സർക്കാർ ഒരുക്കിയ വീടുകൾ. ലക്ഷങ്ങൾ മുടക്കി വീടുകൾ പണിതു, ആളുകൾ താമസിച്ചു തുടങ്ങി, എന്നാൽ അർഹരെ പിന്തള്ളി പല അനർഹരും കയറി കൂടുന്ന അവസ്ഥയായിരുന്നു അവിടെ ഉണ്ടായത്. എന്നാൽ പരാതികൾ പലവട്ടം നൽകിയിട്ടും അധികൃതർ ഇനിയും നടപടി കണ്ടെത്തിയിട്ടില്ലെന്നു നാട്ടുകാർ. ഈ തെറ്റായ നയത്തിൽ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങാൻ തയ്യാറാവുകയാണ് ഇവർ.

തങ്ങളുടെ പേരുകൾ അർഹരായവരുടെ ലിസ്റ്റിൽ നിന്ന് പിന്തള്ളപ്പെടുന്നതിനു സാക്ഷിയാകേണ്ടി വന്നു ദുരിത ബാധിതരിൽ പലർക്കും. അനർഹരായ പലരും ആ സ്ഥാനത്തേക്ക് വന്നു. ചില വീടുകൾ ഒഴിഞ്ഞു കിടന്നിട്ടും അർഹർക്ക് കിട്ടാത്ത അവസ്ഥ. തിക്കോടി പഞ്ചായത്ത് കേന്ദ്രികരിച്ച് ഇരുപതോളം വീടുകൾ ആണ് പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ചത്. വി.എസ് അച്യുതാനന്ദൻ മന്ത്രി സഭയുടെ കാലഘട്ടത്തിലാണ് താക്കോൽ കൈമാറിയത്. എന്നാൽ ഇതിലെ നാലു വീടുകളിൽ അനർഹർ താമസിക്കുന്നതിനെതിരെയാണ് പ്രതിഷേധവും പരാതിയും ആദ്യം ഉയർന്നിരുന്നത്. ഇത് കൂടാതെ രണ്ടു വീടുകളിൽ ആൾതാമസമില്ലായെന്നും നാട്ടുകാർ പറയുന്നു. വീടില്ലാത്ത അർഹരായ ആറു കുടുംബങ്ങൾക്കുള്ള അവസരമാണ് ഈ പ്രവർത്തിയിലൂടെ നഷ്ടപ്പെടുത്തിയത്. എന്നാൽ പിന്നീട് വിശദമായി നടത്തിയ അന്വേഷണത്തിൽ ഇതിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ടു പേർ ഇതിനർഹരാണെന്നും, അതിനാൽ അവർക്ക് അവിടെ തുടരാമെന്ന് പഞ്ചായത്ത് തീരുമാനിക്കുകയുമായിരുന്നു.

പരാതി നൽകിയതിനെ തുടർന്ന് കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും വില്ലേജ് ഓഫീസർ അന്വേഷണത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ഏറ്റെടുക്കുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി അവിടെ അനർഹരാണ് താമസിക്കുന്നത് കണ്ടെത്തുകയും റിപ്പോർട്ട് നൽകി. പതിനാലു മാസങ്ങൾക്കു മുൻപ് ആ വീടുകൾക്ക് പട്ടയം നൽകി. എന്നാൽ അന്ന് അതിൽ ആറു കുടുംബങ്ങൾക്ക് പട്ടയം നൽകിയില്ല. വീടില്ലാത്ത പലരും അപേക്ഷയുമായി നിരന്തരം കളക്ടറേറ്റും മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങളും കയറിയിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ ആറു വീടുകൾക്ക് പട്ടയം നൽകാഞ്ഞത്.

ഇതിലെ രണ്ടു വീടുകളാണ് വാടകയ്ക്ക് നല്കിയിരിക്കുകയാണെന്നു കണ്ടെത്തിയിരുന്നു. ഗവണ്മെന്റ് വീട് അനുവദിച്ചു നൽകിയവർ മറ്റ് ആളുകൾക്ക് വീട് വാടകയ്ക്കു നൽകിയതാണ് കണ്ടെത്തിയത്. മൂന്നാമത്തെ വീട്ടിൽ ഒരു വയോധികയെ നോക്കാനായി വന്ന സ്ത്രീ വയോധികയുടെ മരണ ശേഷവും അവിടെ താമസം തുടരുകയാണ്. നാലാമത്തെ വീട്ടിൽ താമസിച്ചിരുന്നയാൾ ആ വീട് മാറുകയും തന്റെ സഹോദരന് ആ വീട് നൽകുകയുമായിരുന്നു. പിന്നീടുള്ള രണ്ടു വീടുകളിൽ ഒരാൾക്ക് വേറെ രണ്ടു സ്ഥലങ്ങളിലായി മുപ്പത്തിരണ്ടു സെന്റ് സ്ഥലവും രണ്ടു വീടും ഉണ്ട്. അവർ മറ്റൊരു വീട്ടിലാണ് അവർ താമസം. പിന്നീടുള്ള വീടിന്റെ ഉടമയ്ക്കും മറ്റൊരു വീടും സ്ഥലവുമുണ്ട്. ഇത്തരത്തിൽ അനർഹരായവരെ മാറ്റി അർഹർക്ക് നൽകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും നാട്ടുകാർ പറഞ്ഞു.

അർഹരായ നാലു പേരുടെ പേരുകൾ തിക്കോടി പഞ്ചായത്തിൽ നിന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ആയിഷ, മൻസൂർ, ബീവി, രേഷ്മ എന്നിവരുടെ പേരുകളാണ് പഞ്ചായത്തിൽ നിന്ന് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിൽ അയിഷയും ബീവിയും ആണ് സുനാമി ക്വാർട്ടേഴ്സിൽ തന്നെ വാടകയ്ക്ക് താമസിച്ചവർ. പഞ്ചായത്തിന്റെ അന്വേഷണത്തിൽ ഇവർ അർഹരാണെന്നു കണ്ടെത്തിയതോടെ ആ രണ്ട വീടുകൾ ഇരുവർക്കും നൽകുകയായിരുന്നു. ആൾതാമസമില്ലാത്ത രണ്ടു വീടുകൾ രേഷ്മയ്ക്കും മൻസൂറിനും നൽകാനായിരുന്നു പദ്ധതി.

ആൾത്താമസമില്ല എന്ന വില്ലജ് ഓഫീസറുടെ ഉത്തരവിനടിസ്ഥാനമാക്കി കളക്ടറുടെ ഉത്തരവ് പ്രകാരമാണ് പഞ്ചായത്ത് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. ‘വിവരമറിഞ്ഞതിനെ തുടർന്ന് ഈ വീട്ടുക്കാർ പകൽ സമയങ്ങളിൽ വന്നു നിൽക്കാൻ തുടങ്ങിയതായും പറയപ്പെടുന്നു. തുടർന്ന് കളക്ടറേറ്റിൽ നിന്നും വീണ്ടും അന്വേഷണ ഉത്തരവിറക്കിയ അടിസ്ഥാനത്തിൽ ഈ രണ്ടു പേരുടെയും പേരിൽ സ്വത്തുക്കളുണ്ടെന്നു കണ്ടെത്തിയത്. നിലവിൽ സ്വന്തമായി സ്വത്തോ ഭൂമിയോ ഉള്ളവർക്ക് സുനാമി ക്വാർട്ടേഴ്സിൽ വീട് നല്കാൻ അനുമതി ഇല്ല എന്നിരിക്കെ ഇത് ചട്ട ലംഘനമാണ്. ഇവർ രണ്ടും ആ വീടുകൾക്ക് അനർഹരാണ്‌. ഇതിനെതിരെ നടപടികൾ ഉണ്ടാവണമെന്ന് ഉത്തരവിറക്കി നാളുകളേറെയായിട്ടും പൂർണ്ണമായൊരു നീതി അർഹർക്ക് ലഭിച്ചിട്ടില്ല.

കഴിഞ്ഞ ഡിസംബർ പതിനാലാം തിയതി കളക്ടറേറ്റിൽ യോഗം കൂടുകയും ഉടനടി ഇവരെ ഒഴിപ്പിക്കണമെന്ന് ഉത്തരവ് നൽകി ഉടനെത്തന്നെ വീടൊഴിയണമെന്നു പറഞ്ഞെങ്കിലും ഇതുവരെ അത്തരത്തിലൊരു നടപടി ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർ വീണ്ടും സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു നീക്കുമെന്ന് പറഞ്ഞെങ്കിലും യാതൊരു വിധ നടപടിയുമുണ്ടായില്ല.

‘അനവധി പ്രയാസം അനുഭവിക്കുന്ന ഒട്ടേറെ പേരാണ് ഈ ഒരു ആനുകൂല്യത്തിന് വേണ്ടിയും ഒരു കൂരയ്ക്ക് വേണ്ടിയും കാത്ത് നിൽക്കുന്നത്. വീണ്ടും ഉന്നത അധികാരികളിൽ നിന്ന് ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ആദ്യം വീട് ലഭിച്ചവർ അപ്പീൽ കൊടുത്തതായി അറിഞ്ഞു. നിലവിൽ അവർ ഇപ്പോഴും അർഹരാണോ എന്നറിയാൻ തഹസിൽദാർ വീണ്ടും അന്വേഷണ ഉത്തരവിറക്കിയിരുന്നു, അവർ റിപ്പോർട്ട് നൽകിയതും അറിഞ്ഞു. അവർ ശരിക്കും അർഹരല്ല, ഉദ്യോഗസ്ഥർ കൃത്യമായി നടപടി എടുക്കുന്നില്ല. ഒരു വർഷത്തോളമായി ഇതിങ്ങനെ നടക്കുകയാണ്. ഇനിയും നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കാൻ തന്നെയാണ് തീരുമാനം’ നാട്ടുകാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

‘ആ രണ്ടു വീടുകളും അനർഹർ തന്നെയാണ് താമസിക്കുന്നത്. ഇത് അന്വേഷണത്തിൽ ബോധ്യമാവുകയും റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ നടപടികൾ ഒന്നും നടന്നിട്ടില്ല. വീണ്ടും ബോർഡ് കൂടി അനർഹരെ മാറ്റി അർഹർക്ക് കൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വീടും സ്ഥലവുമൊക്കെയുള്ള ആളുകളാണ് ആ രണ്ട് വീടുകൾ കൈവശം വെച്ചിരിക്കുന്നത്, ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യയുടെ വാക്കിലേക്ക് നീങ്ങുന്ന ആളുകളാണ് പുറത്തു നീങ്ങുന്നത്. മറ്റവർ ഒഴിഞ്ഞു കൊടുക്കേണ്ടതാണ്. കളക്ടറേറ്റിലോട്ടു വീണ്ടും റിപ്പോർട്ട് നൽകിയിട്ടുണ്ട്. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

 

Summary: Tsunami Rehabilitation Center Bhavana Project in Thikkodi