അവധിയല്ലേ വരുന്നത്, യാത്രയായാലോ, മൂന്നുവശവും വനമേഖല, വെള്ളച്ചാട്ടവും ട്രക്കിങ്ങും ഏറുമാടങ്ങളും; മനോഹരമായ കാഴ്ചകളൊരുക്കി വിലങ്ങാട്
കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. മൂന്നുഭാഗവും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശം. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങള്‍ക്കൊണ്ടും ചിത്രശലഭങ്ങള്‍ക്കൊണ്ടും സമ്പുഷ്ടമാണ്.
തിരികക്കയം വെള്ളച്ചാട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. അന്‍പതടി ഉയരത്തിലുള്ള വെള്ളച്ചാട്ടം മഴ തുടങ്ങുന്നതോടെ കുത്തിയൊഴുകും. കൊച്ചുതുഷാരഗിരിയെന്നു തിരുകക്കയം വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. തിരിയുന്ന കയം എന്ന അര്‍ത്ഥത്തിലാണ് നാട്ടുകാര്‍ തിരികക്കയം എന്ന് ഈ വെള്ളച്ചാട്ടത്തെ വിളിച്ചു തുടങ്ങിയത്.
തിരികക്കയം വെള്ളച്ചാട്ടത്തിന് അടുത്താണ് ചിരപുരാതനമായ ചേലാലക്കാവ് ക്ഷേത്രം. നാദാപുരം മുടിയാണ് ഈ പ്രദേശത്തെ മറ്റൊരു കാഴ്ച. മലമുകളിലെത്തുമ്പോള്‍ പഴയ നാദാപുരം പള്ളി കാണാന്‍ കഴിയുന്നതുകൊണ്ടാണ് ഈ മലനിരയ്ക്ക് നാദാപുരം മുടി എന്ന് പേര് ലഭിച്ചത്.
ഇവിടെ മലമുകളില്‍ നിന്നും തുടങ്ങുന്ന അരുവികള്‍ കണ്ണിനു കുളിര്‍പകരുന്ന കാഴ്ചയാണ്. ഈ അരുവുകളാണ് വാണിമേല്‍ പുഴയായും പിന്നീട് മയ്യഴി പുഴയായും രൂപാന്തരം പ്രാപിക്കുന്നത്. 20 കിലോമീറ്ററോളം കുത്തനെയാണ് ഈ പുഴ ഒഴുകുന്നത്.
ട്രക്കിങ്ങ് പ്രദേശങ്ങളും പുഴകളുടെ ഉല്‍ഭവവുമൊക്കെ ഈ മലയോര ഗ്രാമത്തിന്റെ ഏതാനും ചില പ്രത്യേകതകള്‍ മാത്രം. കണ്ണവം വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വലിയ പാഞ്ഞോം പ്രദേശം മനോഹരമായ വനമേഖലയാണ്. പാഞ്ഞോത്ത് നിന്ന് വയനാട്ടിലെ കുഞ്ഞോത്തേക്ക് എത്താന്‍ വനത്തിലൂടെ വെറും ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി.
പന്നിയേരി മലയോരത്തെ ഏറുമാടങ്ങളാണ് മറ്റൊരു കാഴ്ച. ഉരുട്ടി ആദിവാസി കോളനിയ്ക്ക് അടുത്തുള്ള തോണിക്കയവും സഞ്ചാരികളെ ആകര്‍ഷിക്കും. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് ഈ കാഴ്ചകളെല്ലാം തന്നെയുള്ളത് എന്നതിനാല്‍ വിലങ്ങാടെത്തിയാല്‍ വളരെ കുറഞ്ഞ ചിലവില്‍ ഒരുദിവസം മുഴുവന്‍ കാഴ്ചകള്‍ കണ്ട് മനസു നിറച്ച് മടങ്ങാം.