കോണ്‍ക്രീറ്റ് കമ്പികളെല്ലാം പുറത്ത്, ഏത് നിമിഷവും തകര്‍ന്നുവീഴാം; നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള കൊല്ലത്തെ ചോര്‍ച്ചപ്പാലം യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു


കൊല്ലം: വിയ്യൂര്‍ അരീക്കല്‍താഴെ – നടേരി റോഡിലെ ചോര്‍ച്ചപ്പാലം അപകടാവസ്ഥയിലായിട്ടും പുതുക്കി പണിയല്‍ വൈകുന്നു. നഗരസഭ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലം പുതുക്കി പണിയാനുള്ള എസ്റ്റിമേറ്റ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാക്കിയെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് ചെയ്യുന്നത്.

പാലം ചോര്‍ന്ന് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അറിയിച്ച് മുനിസിപ്പാലിറ്റി സ്ഥാപിച്ച ബോര്‍ഡല്ലാതെ യാതൊരു സുരക്ഷാ മുന്‍കരുതലും ഇവിടെ കൈക്കൊണ്ടിട്ടില്ല. വിയ്യൂരില്‍ നിന്നും കൊല്ലം നെല്ല്യാടി റോഡ് വഴി കൊയിലാണ്ടിക്ക് പോകാനുള്ള എളുപ്പവഴിയാണിത്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇപ്പോഴും ഈ വഴി ആശ്രയിക്കുന്നത്. എത്രയും പെട്ടെന്ന് ഫണ്ട് കണ്ടെത്തി ഇറിഗേഷന്റെ ഭാഗത്തുനിന്നും പാലം പുനര്‍നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചില്ലെങ്കില്‍ ചോര്‍ച്ചപ്പാലം തകരാനും കാല്‍നട യാത്രികരടക്കം അപകടത്തില്‍പ്പെടാനും സാധ്യത ഏറെയാണ്.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ഇവിടെ 41 വര്‍ഷം മുമ്പാണ് പാലം പണിതത്. തുടക്കത്തില്‍ തന്നെ നീര്‍പ്പാലം ചോര്‍ന്നൊക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പാലത്തിന് ചോര്‍ച്ചപ്പാലം എന്ന് പേരിട്ടു. പാലത്തിന്റെ കോണ്‍ക്രീറ്റ് കമ്പികളെല്ലാം പുറത്തായ നിലയിലാണ്. ഇരുവശത്തെയും ബലക്ഷയമാണ് ചോര്‍ച്ചയ്ക്ക് കാരണം.

പാലത്തിന് മുകളിലൂടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ കടന്നുപോകുന്നുണ്ട്. കനാലില്‍ വെള്ളം എത്തിക്കഴിഞ്ഞാല്‍ പാലത്തിന് അടിയില്‍ വെള്ളക്കെട്ടാണ്. ഇതിന് പുറമേ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്നത് ഇതിന് അടുത്തുകൂടിയാണ്. ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി പാലം കഴിഞ്ഞുള്ള ഭാഗത്ത് ചെളിയും വെള്ളക്കെട്ടും പതിവായതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സ്ഥിതിയാണ്.