ഉഷ്ണതരംഗം വകവെക്കാതെ പരിശീലനം: വടകര സ്വദേശിയായ എ.എസ്.ഐ ഡൽഹിയിൽ കുഴഞ്ഞുവീണ് മരിച്ചു
ന്യൂഡൽഹി: അത്യുഷ്ണത്തിലെ പരിശീലനത്തെത്തുടർന്ന് മലയാളി പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശിയും ഡൽഹി പോലീസിലെ എഎസ്ഐയുമായ ബിനീഷ് ആണ് മരിച്ചത്. അമ്പത് വയസായിരുന്നു.
ഡൽഹി വസീറാബാദിലെ പോലീസ് ട്രെയിനിംഗ് സെന്ററിൽ പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബാലാജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
രണ്ട് ദിവസമായി വസീറാബാദിലെ പോലീസ് ട്രെയിനിംഗ് സെന്ററിൽ പരിശീലനം നടക്കുന്നു. ആദ്യ ദിവസം മുതൽ പോലീസുകാർ കുഴഞ്ഞുവീണിരുന്നു. ഇന്നും രണ്ട് പേർ കുഴഞ്ഞുവീണിരുന്നു. അതിനിടയിലാണ് വടകര സ്വദേശിയുടെ മരണം. ഉഷ്ണതരംഗം വകവെക്കാതെ ട്രെയിനിംഗ് നടത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
49.5 ഡിഗ്രി ആയിരുന്നു ഇന്നലെ ഡൽഹിയിലെ താപനില. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതാ നിർദേശങ്ങൾ അടക്കം സർക്കാർ പുറപ്പെടിച്ചിരുന്നു. ഇതിനിടയിലാണ് പോലീസുകാർക്ക് പരിശീലനം നടത്തിയത്.