ഇനി തോണിക്കായി കാത്തിരിക്കേണ്ട, ചുറ്റി കറങ്ങി പോകേണ്ട; തോരായിക്കടവിൽ പാലം നിർമ്മിക്കുക ഊരാളുങ്കൽ സൊസൈറ്റി


കൊയിലാണ്ടി: ഇനി തോണിക്കായി കാത്തിരിക്കേണ്ട, എളുപ്പത്തിലെത്താവുന്ന ദൂരത്തിനായി ഏറെ ദുരം കറങ്ങേണ്ട. നീണ്ട കാലത്തെ ദുരിതങ്ങൾക്ക് അറുതിയായി ചേമഞ്ചേരിയുടെ സ്വപ്നം യാഥാർഥ്യമാവുന്നു. തോരായിക്കടവ് പാലത്തിലൂടെയുള്ള യാത്രയ്ക്കായുള്ള പ്രാരംഭ ദൂരം പിന്നിട്ടു. തോരായിക്കടവ് പാലം നിര്‍മ്മാണം കരാര്‍ ഊരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് ലഭിക്കും.

പാലം യാഥാർഥ്യമാവുന്നതോടെ യാത്ര ദൂരം കുറയുക മാത്രമല്ല, ആപത് ഘട്ടങ്ങളിൽ അടിയന്തരമായി ആശുപത്രിയിലെത്താനും, ടൂറിസം മേഖലയുടെ വളർച്ചയ്ക്കും ഇതൊരു മുതൽക്കൂട്ടാകും. ചേമഞ്ചേരിയിൽ നിന്ന് എം.എം.സി ഹോസ്പിറ്റലിലേക്ക് എത്താനും കാപ്പാട് തുഷാര ഗിരി – ടൂറിസത്തിനുമൊക്കെ തോരായിക്കടവ് പാലം മൂലം ഏറെ പ്രയോജനകരമാവുമെന്നു ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെ മാത്രമാണ് കടത്തുള്ളത്. അതിനു ശേഷമുള്ള സമയത്ത് അക്കര കടക്കാനാവാതെ വന്നതോടെ ആളുകൾ സ്വന്തം വാഹനങ്ങളിൽ ഏറെ ദൂരം ചുറ്റി യാത്ര ചെയ്യാൻ തുടങ്ങി. ദിനംപ്രതി നൂറു കണക്കിന് യാത്രക്കാർ തോണിയെ ആശ്രയിച്ചിരുന്നെങ്കിലും പതിയെ പതിയെ എണ്ണം കുറയുകയായിരുന്നു.

ടെണ്ടര്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് യു.എല്‍.സി.സി ആണ്. ടെണ്ടര്‍ അപ്രൂവല്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചാലുടന്‍ സൊസൈറ്റി കരാറിലൊപ്പു വെക്കും. ഏറെ നാളുകളായുള്ള ചര്‍ച്ചകള്‍ക്കും നിരന്തരമായ ഇടപെടലുകള്‍ക്കുമൊടുവിലാണ് തോരായിക്കടവ് പാലം യാഥ്യാര്‍ഥ്യമാവാന്‍ പോകുന്നത്. പാലം പൂര്‍ണ്ണമായും കിഫ്ബി ഫണ്ടില്‍ നിന്നാണ് നിര്‍മിക്കുന്നത്.

257.5 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലുള്ള പാലമാണ് നിര്‍മിക്കുക. 8 തൂണുകളിലായി ആകെ 9 സ്പാനുകള്‍ ഉണ്ടാകും. ഇതില്‍ 8 സ്പാനുകള്‍ക്ക് ശരാശരി 26 മീറ്റര്‍ നീളമുണ്ടാവും. മധ്യഭാഗത്തെ സ്പാനിന് ദേശീയ ജലപാത കടന്നു പോകുന്നതിനാല്‍ 50 മീറ്റര്‍ നീളവും ജലനിരപ്പില്‍ നിന്ന് 6 മീറ്റര്‍ ഉയരവുമുണ്ടാവും. 21 കോടി 61 ലക്ഷം രൂപയാണ് ഭൂമിയേറ്റെടുക്കലിനുള്‍പ്പെടെ നിര്‍മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്.

പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ പൂക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. തിരിച്ച് ദേശീയ പാതയിലേക്കും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കും ഇത് പ്രയോജനപ്രദമാണ്.

കടവിന്റെ പടിഞ്ഞാറ് ദേശീയപാതയായ പൂക്കാടുനിന്ന് 3.4 കിലോമീറ്ററും സംസ്ഥാനപാതയായ കൊട്ടശ്ശേരിയില്‍നിന്നും 1.5 കിലോമീറ്ററുമാണ് പാലത്തിലേക്കുള്ളത്. നിലവില്‍ ഈ ഭാഗങ്ങളിലെല്ലാം എട്ടു മീറ്റര്‍ വീതിയുണ്ട്. കടവിന്റെ ഇരുഭാഗത്തുമുള്ള നാട്ടുകാര്‍ സഞ്ചാരത്തിന് കടവിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ കൊയിലാണ്ടി കാപ്പാട് എന്നിവിടങ്ങളിലേക്കും കിഴക്കന്‍ മേഖലകളിലേക്കും എളുപ്പത്തില്‍ എത്താന്‍ സാധിക്കും. അത്തോളി, ചേമഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമാണ് തോരായിക്കടവ് പാലം.

[bot1]