ജൂലായ് 8,9 ന് റേഷന്‍കടകള്‍ അടച്ച് സമരം ചെയ്യുവാനൊരുങ്ങി റേഷന്‍ വ്യാപാരികള്‍; സമരപരിപാടികല്‍ വിജയിപ്പിക്കാന്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം തീരുമാനം


കൊയിലാണ്ടി: സംസ്ഥാനത്ത് ജൂലായ് 8,9 തിയ്യതികളില്‍ റേഷന്‍കടകള്‍ അടച്ച് സമരം ചെയ്യാന്‍ തീരുമാനം. സമരപരിപാടികള്‍ വിജയിപ്പിക്കുവാന്‍ ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു.

കേന്ദ്ര-കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ പൊതു വിതരണ മേഖലയോട് കാണിക്കുന്ന അവഗണനകള്‍ അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജും ക്ഷേമനിധിയും കലോചിതമായി പരിഷ്‌കരിക്കുക, കെ.ടി.പി.ഡി.എസ് നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ 48 മണിക്കൂര്‍ രാപ്പകല്‍ സമരം നടത്താന്‍ തീരുമാനിച്ചത്.

യോഗം സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പുതുക്കോട് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശശി മങ്ങര, മാലേരി മൊയ്തു, ടി. സുഗതന്‍, വി.പി നാരായണന്‍, കെ.കെ പരീത്, വി.എം ബഷീര്‍, കെ.കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.