ആക്ഷേപഹാസ്യത്തിലൂടെ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വേദിയില്‍ നിറഞ്ഞാടി ഏഴ് പേര്‍; ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ നാടകത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള നേട്ടവും കരസ്ഥമാക്കി തിരുവങ്ങൂര്‍ എച്ച്.എസ്.എസ് കളര്‍ ബോക്‌സ് ചില്‍ഡ്രന്‍സ് തിയറ്ററിന്റെ ‘C/o പൊട്ടക്കുളം’


കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ മലയാള നാടക വിഭാഗം മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവങ്ങൂര്‍ എച്ച്.എസ്.എസ് കളര്‍ ബോക്‌സ് ചില്‍ഡ്രന്‍സ് തിയറ്ററിന്റെ C/o പൊട്ടക്കുളം. ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയതിനോടൊപ്പം മികച്ച നടിയായി ദല.ആര്‍.എസ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നടിയായിരുന്നു ദല. നാടക സംവിധായകന്‍ ശിവദാസ് പൊയില്‍ക്കാവിന്റെ മകള്‍ കൂടിയാണ്.

ശിവദാസ് പൊയില്‍ക്കാവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച C/o പൊട്ടക്കുളം എന്ന നാടകം സമകാലിക ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെ വിവരിക്കുകയാണ്. ദല.ആര്‍.എസ്, അര്‍ജുന്‍ ബാബു, ശിവാനി ശിവപ്രകാശ്, ശ്രീപാര്‍വ്വതി.എം, ലക്ഷ്മി പ്രിയ. പി. എസ്, മുഹമ്മദ് ഷാദിന്‍.സി, ആയിഷ ഹെബാന്‍, ടി.വി. വിശാല്‍, വി.ഹരിശങ്കര്‍ .എസ്, ലിയാന ബീവി എന്നിവരാണ് അഭിനേതാക്കള്‍. ഒന്നരമാസം നീണ്ട പരിശീലനത്തിലൊടുവിലാണ് ഈ നേട്ടം.

സനിലേഷ് ശിവനാണ് അസോസിയേറ്റ് ഡയറക്ടര്‍. രജീഷ് വേലായുധനാണ് അസിസ്റ്റന്റ് ഡയറക്ടര്‍. സെറ്റ് ഒരുക്കിയിരിക്കുന്നത് നിധീഷ് പൂക്കാടാണ്. ഹാറൂണ്‍ അല്‍ ഉസ്മാന്‍, നിധീഷ് പുക്കാട്, ദിജില്‍ തുവ്വക്കോട് എന്നിവരാണ് ആര്‍ട്ട്. അനീഷ് അഞ്ജലിയാണ് സര്‍ഗാത്മക സഹായം. സാരംഗ് പൂക്കാടാണ് കോഡിനേഷന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍.

Summary: Tiruvangoor HSS won the first place in the Malayalam drama category competition at the Kozhikode Revenue District School Kalolsavam.