കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു; ചത്തത് മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവെച്ച്
കണ്ണൂർ: കൊട്ടിയൂര്‍ പന്നിയാംമലയില്‍ നിന്ന് നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കോഴിക്കോട് വച്ച് ചത്തു. തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഏഴുവയസ്സുള്ള ആണ്‍ കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റും. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായ ശേഷം കടുവയെ കോഴിക്കോട് വച്ച് തന്നെ സംസ്കരിക്കുമെന്നാണ് വിവരം.
മയക്കുവെടിവെച്ച് കൂട്ടിലാക്കിയതിന് പിന്നാലെ കടുവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചപ്പോള്‍ കൈക്ക് ചെറിയ പരിക്കുള്ളതായും ഒരു പല്ല് ഇളകിയതായും കണ്ടെത്തിയിരുന്നു. ഇത്തരം ശാരീരിക ബുദ്ധിമുട്ടുകളുള്ള സ്ഥിതിക്ക് അവ ഭേദപ്പെടാതെ വനത്തില്‍ വിടാന്‍ സാധിക്കില്ലെന്നും ചികിത്സിക്കണമെന്നുമുള്ള വെറ്റിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ചികിത്സക്കായി കടുവയെ തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
റബ്ബർ ടാപ്പിങ്ങിനുപോയ ആള്‍ ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് വലതുകൈ മുള്ളുകമ്പിയിൽ കുടുങ്ങി റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍ കിടക്കുന്ന കടുവയെ കണ്ടത്. അദ്ദേഹം ഉടൻ തന്നെ നാട്ടുകാരെയും വനം അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. കേളകത്തെ അരീക്കാട്ട് പ്രദീപിന്റെ ആള്‍പ്പാര്‍പ്പില്ലാത്ത കശുമാവിന്‍തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. പുലര്‍ച്ചെ അഞ്ചോടെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ ദ്രുതപ്രതികരണസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി കടുവയെ പിടികൂടാനാവശ്യമായ നടപടികള്‍ ആരംഭിച്ചു.
രാവിലെ 11-ഓടെ ഡോക്ടർ ഒരുതവണ മയക്കുവെടിവെക്കുകയും തുടര്‍ന്ന് അരമണിക്കൂറിനുശേഷം കടുവ മയങ്ങിയെന്ന് ഉറപ്പാക്കിയശേഷം വലയിലാക്കി വാഹനത്തിലെ കൂട്ടിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയ കടുവയ്ക്ക് പ്രാഥമിക ചികിത്സയും നൽകി. കടുവ പൂർണ ആരോഗ്യവാനായശേഷം വന്യജീവിസങ്കേതത്തിൽ തുറന്നുവിടുമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കാർത്തിക് അറിയിച്ചിരുന്നു.
വന്യജീവിസങ്കേതത്തിൽ കടുവയെ വിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതോടെ കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.