നാട്ടുകാര്‍ക്കെല്ലാം ഒരുപോലെ പ്രിയങ്കരന്‍, ഏത് സമയത്തു വിളിച്ചാലും ഓടിയെത്തുന്ന സഹായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയ സഖാവ്; തോലേരി സ്വദേശി ഉമേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി


തുറയൂര്‍: ഏത് സമയത്തും എന്തിനും ഓടിയെത്തുന്ന യുവാവ്, നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരന്‍ ഇന്ന് അന്തരിച്ച തോലേരി സ്വദേശി ചെറിയമോപ്പവയല്‍ ഉമേഷിന് (53)നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. രാത്രി ഒന്‍പതുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

തോലേരി പ്രദേശത്തെ സന്നദ്ധ -സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്നും നിറ സാന്നിധ്യമായിരുന്നു ഉമേഷ്. അതിനാല്‍ തന്നെ നാട്ടുകാര്‍ക്കെല്ലാം വളരെ പ്രയങ്കരനായിരുന്നു. പൊതു പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ഏത് പ്രശ്‌നങ്ങളിലും ഇടപെടാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും സുമനസ്സ് കാണിക്കുന്ന വ്യക്തിയായിരുന്നു ഉമേഷെന്ന് നാട്ടുകാര്‍ പറഞ്ഞു.

പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന ഉമേശഷ് കല്ല്യാണ വീടുകളിലും മരണ വീടുകളിലുമെല്ലാം ഏത് അത്യാവശ്യ ഘട്ടത്തില്‍ വിളിച്ചാലും ഓടിയെത്തുന്ന വ്യക്തിയായിരുന്നെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് വണ്ടിയില്‍ ഓട്ടം പോയി തിരിച്ച് പയ്യോളി അങ്ങാടിയില്‍ ഗുഡ്സ് ഓട്ടോസ്റ്റാന്റില്‍ വാഹനം നിര്‍ത്തിയിട്ട് നില്‍ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പയ്യോളിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സി.പി.എം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി അംഗവും ഗുഡ്‌സ് ഓട്ടോ യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവുമാണ്. ചൂലക്കാട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതരായ കണാരന്റെയും ചെറിയപെണ്ണിന്റെയും മകനാണ്. ഭാര്യ: ഷീല. മക്കള്‍: അമല്‍, അതുല്‍. സഹോദരി: രാധ.