കടപ്പാടിനുണ്ടോ കാലപരിധി; തന്നെ രക്ഷിച്ചയാളെ മൂന്ന് കൊല്ലത്തിനിപ്പുറം തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിച്ച് തെരുവുനായ, സംഭവം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ, വീഡിയോ കാണാം


കൊയിലാണ്ടി: സ്‌നേഹത്തിനും വിശ്വാസത്തിനും നായയെക്കാള്‍ നന്ദി കാണിക്കുന്ന ജീവിയില്ലെന്നാണ് പൊതുവെ പറയാറ്. വെറും പറച്ചില്‍ മാത്രമല്ല ഈ വാക്കുകളെന്നും പലരുടെയും ജീവിതത്തില്‍ ഇത്തരം യഥാര്‍ത്ഥ അനുഭവങ്ങള്‍ ഉണ്ടെന്നും നാം സ്ഥിരം സോഷ്യല്‍മീഡിയയിലൂടെയും മറ്റും കാണാറുണ്ട്.

അത്തരമൊരു അനുഭവമാണ് കഴിഞ്ഞദിവസം കൊരയങ്ങാട് തെക്കെ തലക്കല്‍ ഷിജുവിനുണ്ടായത്. ഇന്നലെ മകളെ ട്രയിന്‍ കയറ്റുവാനായി ഭാര്യയോടൊപ്പം കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം എത്തിയതായിരുന്നു ഷിജു. ഭാര്യയും മകളും സ്റ്റേഷനിലേക്ക് പോയപ്പോള്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഒരു തെരുവ് പട്ടി തനിക്ക് പെട്ടെന്ന് തന്റെ നേരെ പാഞ്ഞെടുത്ത് വാലാട്ടാനും ചാടിത്തുളളാനും തുടങ്ങിയത്. പെട്ടെന്ന് പേടിച്ചുപോയെങ്കിലും പിന്നീട് ഷിജുവിന് മനസ്സിലായി ആക്രമിക്കാനല്ല പകരം സ്‌നേഹം പ്രകടിപ്പിക്കുകയാണെന്ന്.

സ്‌റ്റേഷന് പുറത്തുളള ഓട്ടോ ഡ്രൈവര്‍മ്മാരും യാത്രക്കാര്‍ക്കും ഇത് ഒരു കൗതുക കാഴ്ചയായിരുന്നു. കാരണം റെയില്‍വേ സ്‌റ്റേഷന് പരിസരത്ത് തെരുവുനായകളുടെ ആക്രമണത്തെക്കുറിച്ചുളള വര്‍ത്തകളായിരുന്നു കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വന്നിരുന്നത്. ഒരു തെരുവുനായയും അതിന്റെ മക്കളുമൊക്കെയായിരുന്നു ഷിജുവിന്റെ അടുത്ത് സ്‌നേഹപ്രകടനവുമായി കഴിഞ്ഞ ദിവസം എത്തിയത്.

പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പിന്നീടാണ് താന്‍ മൂന്ന് വര്‍ഷം മുന്‍പ് രക്ഷിച്ച നായയാണിതെന്ന് ഷിജുവിന് ഓര്‍മ്മ വന്നത്. മൂന്ന് വര്‍ഷം മുന്‍പ് തന്റെ വീടിന്റെ പരിസരത്ത് കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങിയും കാലിന് ഗുരുതരമായി പരിക്കേറ്റ നിലയിലും ഒരു നായ കറങ്ങി നടന്നിരുന്നു. നായയുടെ ദയനീയവ്‌സഥ കണ്ട് ഷിജു ദിവസവും ഭക്ഷണം നല്‍കിയിരുന്നു. നാട്ടുകാരെല്ലാവരും പ്രാന്തന്‍ നായയാണെന്ന് പറഞ്ഞ് ഓടിച്ചപ്പോള്‍ അന്ന് ഭക്ഷണം നല്‍കിയ ഷിജുവിനോട് ഈ നായ ഇണങ്ങിയിരുന്നു.

തന്നോട് ഇണങ്ങിയതോടെ ഷിജു നായയുടെ കഴുത്തില്‍കുടുങ്ങിയ ബെല്‍റ്റ് അഴിച്ച് മാറ്റുകയും കാലിന് ഏറ്റ പരിക്ക് ഭേദമാകാനുളള ചികിത്സകളും നല്‍കിയിരുന്നു. പരിക്ക് ഭേദമായപ്പോള്‍ പിന്നീട് നായ എങ്ങോട്ടോ പോവുകയായിരുന്നു. അതിനു ശേഷം നായയെ പിന്നീട് കണ്ടില്ലെന്നും ഇന്നലെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ വലിയ സന്തോഷമായെന്നും ഷിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തന്നോട് സ്‌നേഹം പുതുക്കിയ നായയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങി നല്‍കിയ ശേഷമാണ് അവിടെ നിന്നും മടങ്ങിയത്. പയ്യോളി സ്‌റ്റെഷനിലെ എസ്.ഐയാണ് ഷിജു.