പട്രോളിങ്ങിനിടെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലായതോടെ നാലുപേരും പരുങ്ങി, ഇതോടെ സംശയം ബലപ്പെട്ടു; ബ്രൗണ്‍ഷുഗറുമായി കൊയിലാണ്ടി സ്വദേശികളെ കുടുക്കിയത് പൊലീസിന്റെ ജാഗ്രത
കൊയിലാണ്ടി: തലശ്ശേരിയില്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സഹായകരമായത് പൊലീസ് കാണിച്ച ജാഗ്രത. പട്രോളിങ്ങിനിടെ പൊലീസിന്റെ ശ്രദ്ധയില്‍ ഇവര്‍ പെടുകയും പെരുമാറ്റത്തില്‍ ചില സംശയം തോന്നിയതിനാല്‍ നിരീക്ഷിക്കുകയുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൂവരെയും പൊലീസ് പിടികൂടുന്നത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിന് സമീപമുള്ള പാര്‍ക്കിങ് സ്ഥലത്ത് വച്ചാണ് ഇവര്‍ പിടിയിലാവുന്നത്. ഇവിടെ പട്രോളിങ് നടത്തുകയായിരുന്നു തലശ്ശേരി പൊലീസ്.
നാല് പേരാണ് അവിടെ ഉണ്ടായിരുന്നത്. പൊലീസിനെ കണ്ടതോടെ നാല് പേരും പരുങ്ങി. ഇതോടെ പൊലീസ് സംഘം ഇവരെ പരിശോധിക്കാനെത്തുകയായിരുന്നു.
മാടാക്കര ജുമാ മസ്ജിദ് പരിസരത്തെ മണിയേക്കല്‍ വീട്ടില്‍ എം.കെ.മുന്‍ഷിദ് (23), സി.ടി.ജുനൈസ് (25), എ.ആര്‍.മന്‍സൂര്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ ഒരാളില്‍ നിന്നാണ് 0.917 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ഇതോടെ ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാക്കി മൂന്ന് പേരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രൗണ്‍ ഷുഗര്‍ വില്‍ക്കാനായാണ് ഇവര്‍ എത്തിയത് എന്നാണ് സംശയം.
കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. നാലാം പ്രതിക്കായും കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി അന്വേഷണം പുരോഗമിക്കുകയാണ് എന്ന് തലശ്ശേരി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തലശ്ശേരി സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ നേരത്തേ കേസുകളില്ല എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.