ആദ്യം നടന്നത് ടിപ്പര്‍ലോറിയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം, ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മതിലിലിടിച്ച് രണ്ടാമത്തേത്, താമരശ്ശേരി ചുരത്തില്‍ തുടര്‍ച്ചയായുണ്ടായത് മൂന്ന് അപകടങ്ങള്‍; ചുരംപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു
താമരശ്ശേരി: താമരശ്ശേരി ചുരംപാതയില്‍ അപകട പരമ്പര. ബുധനാഴ്ച പകല്‍മാത്രം നടന്നത് മൂന്ന് അപകടങ്ങള്‍. രാവിലെ എട്ടരയോടെ എട്ടാംവളവിന് സമീപം ടിപ്പര്‍ലോറിയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു ആദ്യ അപകടം. ഇരുവാഹനങ്ങളും റോഡില്‍നിന്ന് മാറ്റിയിടുന്നതുവരെ ഗതാഗതം തടസ്സപ്പെട്ടു. എട്ടേമുക്കാലോടെയായിരുന്നു രണ്ടാമത്തെ അപകടം നടന്നത്. ചുരംപാതയില്‍ അഞ്ചാംവളവിനും നാലാം വളവിനുമിടയില്‍ ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മതിലില്‍ ഇടിക്കുകയായിരുന്നു.
മൈസൂരുവില്‍നിന്നും ശര്‍ക്കരകയറ്റി മുക്കംഭാഗത്തേക്ക് വരുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ചുരമിറങ്ങവെ ബ്രേക്ക് നഷ്ടമായ വാഹനം ഓവുചാലിന് സമീപത്തെ മണ്‍മതിലില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍പ്പെട്ട് വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന കര്‍ണാടകസ്വദേശികളായ ഡ്രൈവറും ക്ലീനറും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
അപകടത്തിനുപിന്നാലെ ക്ലീനര്‍ ഇടതുവശത്തുകൂടി പുറത്തിറങ്ങിയെങ്കിലും തകര്‍ന്ന ബോണറ്റിനും സീറ്റിനും ഇടയില്‍ അകപ്പെട്ട് ഡ്രൈവര്‍ കാബിനുള്ളില്‍ കുടുങ്ങി. അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും അടിവാരം ഔട്ട് പോസ്റ്റ് പോലീസും യാത്രക്കാരും ചേര്‍ന്ന് ഡാഷ്‌ബോര്‍ഡ് പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷപ്പെടുത്തിയത്.
പിന്നീട് വൈകീട്ട് മൂന്നരയോടെ ഒന്നാംവളവിന് താഴെയാണ് അടുത്ത അപകടം നടന്നത്. ഹൈദരാബാദില്‍നിന്ന് കോഴിക്കോട്ടേക്ക് സീലിങ് ഫാനുകളുമായി വരുകയായിരുന്ന കണ്ടെയ്നര്‍ ഇരുപത്തിയെട്ടാം മൈലിന് സമീപം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ക്രെയ്നെത്തിച്ച് വൈകീട്ട് അഞ്ചരയോടെ ലോറി മാറ്റുന്നതുവരെ ഒറ്റവരിയായാണ് വാഹനങ്ങള്‍ കടന്നുപോയത്. ഇതേത്തുടര്‍ന്ന് ചുരംപാതയില്‍ ഏറെനേരം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.